
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും ഗ്രൂപ്പുകളുടെ അതിപ്രസരവും തിരിച്ചടിയായെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടുമടുത്ത മുഖങ്ങൾക്ക് പകരം യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചു. തലസ്ഥാനത്തെ മേയർ തിരഞ്ഞെടുപ്പിലെ സി.പി.എം മാതൃക അവർ ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പണത്തിന്റെ കുറവും ബാധിച്ചെന്ന പരിഭവവും ഉയർന്നു. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണിക്കായി ആവശ്യമുയർന്നെങ്കിലും സംസ്ഥാന നേതൃമാറ്റം ആരും ഉന്നയിച്ചില്ല. എന്നാൽ വലിയ പരാജയമുണ്ടായ ചില ഡി.സി.സികളിൽ അഴിച്ചുപണിയുടെ സൂചനയുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ വീഴ്ചകൾ സൂക്ഷ്മമായി വിലയിരുത്താൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും പി.സി.സി ഭാരവാഹികളുമായും ഡി.സി.സി അദ്ധ്യക്ഷരുമായും ഒറ്റയ്ക്കൊറ്റയ്‌ക്ക് കൂടിക്കാഴ്ച നടത്തി.
ദയനീയ പരാജയമുണ്ടായ ജില്ലകളിലെ ഡി.സി.സി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് കെ.പി.സി.സി ഭാരവാഹികളടക്കം ആവശ്യപ്പെട്ടപ്പോൾ കെ.പി.സി.സിയുടെ ഉന്നത ഭാരവാഹികൾ ജില്ലകളിൽ തങ്ങളുടെ പ്രദേശങ്ങളിൽ വഹിച്ച പങ്ക് പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിഡന്റുമാർ സംയുക്തമായി ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിൽ സജീവമായി ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശവും ഉയർന്നു. കൂടിക്കാഴ്ചകൾ ഇന്നും തുടരും.ഘടകകക്ഷി നേതാക്കളും ഇന്ന് താരിഖ് അൻവറിനെ കാണും. ചർച്ചകളിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാനാണ് താരിഖ് അൻവറിനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുള്ളത്. കേരളത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് പ്രതീക്ഷയും ഉൽക്കണ്ഠയും ഉണ്ട്. പ്രതീക്ഷ അസ്ഥാനത്താകാതെ ഉൽക്കണ്ഠ പരിഹരിക്കുകയാണ് വെല്ലുവിളി. താരിഖ് അൻവറിന് പുറമേ എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വി. മോഹൻ, പി. വിശ്വനാഥൻ എന്നിവരുമുണ്ട്.
നേതൃമാറ്റം തൽക്കാലമില്ല
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം തൽക്കാലമില്ലെന്ന സൂചന ഹൈക്കമാൻഡ് പ്രതിനിധികൾ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസത്തിൽ താഴെ മാത്രം ശേഷിക്കേ നേതൃമാറ്റം പ്രായോഗികമല്ല. നേതൃത്വത്തിന്റെ പ്രവർത്തന ശൈലി സമൂലം മാറണമെന്ന് എല്ലാവരും വിമർശിച്ചെങ്കിലും നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല. താരിഖ് അൻവറുമായി അരമണിക്കൂറിലേറെ ചർച്ച നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു.
''ക്രിയാത്മക ചർച്ചയാണ് നടക്കുന്നത്. റിപ്പോർട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം അവർ എടുക്കും''.
--താരിഖ് അൻവർ മാദ്ധ്യമങ്ങളോട്