നെടുമങ്ങാട്: തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 30ന് നടക്കാനിരിക്കെ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അരുവിക്കര,ആനാട്, പനവൂർ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടവരെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. കരകുളം ഗ്രാമപഞ്ചായത്തിലും നെടുമങ്ങാട്, വാമനപുരം ബ്ലോക്കുകളിലും മാത്രമാണ് ധാരണയിലെത്തിയത്. ഒട്ടുമിക്ക നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിലായതാണ് തീരുമാനം വൈകാനുള്ള മുഖ്യകാരണം. വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളിൽ സി.പി.ഐയുമായി ധാരണയാകാത്തതും തീരുമാനം വൈകിക്കുന്നുണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുൻ പ്രസിഡന്റുമാരായ രണ്ടു വനിതകളുടെ പേരാണ് സി.പി.എമ്മിന് മുന്നിലുള്ളത്. കൊക്കോതമംഗലം വാർഡ് മെമ്പർ ആർ. കലയും മണമ്പൂർ വാർഡ് മെമ്പർ ഐ. മിനിയും. ഇന്നലെ സി.പി.എം ഏരിയ സെക്രട്ടറി ആർ.സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ നാല് അംഗങ്ങളുള്ള സി.പി.ഐ വൈസ് പ്രസിഡന്റ് പദത്തിനായി വാദിച്ചുവെങ്കിലും പാളിപ്പോയി. കഴിഞ്ഞ ഭരണസമിതിയിൽ 13 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിന് നിലവിൽ എട്ട് പേരേയുള്ളു. രണ്ടിൽ നിന്ന് നാലായി അംഗബലം വർദ്ധിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.ഐ വൈസ് പ്രസിഡന്റിനായി ബലം പിടിക്കുന്നത്. ഇവിടെ,സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത 20 മെമ്പർമാരും ഒരാഴ്ചയായി ഹോം ക്വാറന്റൈനിലാണ്. സി.പി.എം ലോക്കൽ സെക്രട്ടറിയും ചികിത്സയിലാണ്. എല്ലാപേരും ഇന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയരാവും.അതിനു ശേഷം യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ.പത്ത് വർഷത്തിന് ശേഷം സി.പി.ഐക്ക് ഭരണസമിതിയിൽ പ്രാതിനിദ്ധ്യം ലഭിച്ച പനവൂർ ഗ്രാമപഞ്ചായത്തിലും സമാനമായ അവസ്ഥയാണ്. 15 അംഗ പഞ്ചായത്ത് സമിതിയിൽ സി.പി.എമ്മിനു 6 ഉം സ്വതന്ത്രൻ ഉൾപ്പടെ സി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. അജയപുരം വാർഡ് മെമ്പറും മുൻ വൈസ് പ്രസിഡന്റുമായ എസ്. മിനിയെ അദ്ധ്യക്ഷയാക്കാൻ സി.പി.എമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ, വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൽ ചർച്ച നടക്കുന്നതേയുള്ളു.പത്ത് വർഷത്തെ യു.ഡി.എഫ് ഭരണത്തിനൊടുവിൽ അട്ടിമറി വിജയം നേടിയ ആനാട് ഗ്രാമപഞ്ചായത്തിൽ മണ്ഡപം വാർഡ് മെമ്പർ എസ്. ഷൈലജയും ഇര്യനാട് വാർഡംഗം ശ്രീകലയും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. 20 വർഷം തുടർച്ചയായി ഗ്രാമപഞ്ചായത്തംഗമായ ശ്രീകലയെ അദ്ധ്യക്ഷയാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മൂഴി ശാഖ എൽ.ഡി.എഫ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇവിടെ, നേരത്തെ രണ്ടു അംഗങ്ങളുണ്ടായിരുന്ന സി.പി.ഐക്ക് ഇത്തവണ നാലുപേരുണ്ട്. വൈസ് പ്രസിഡന്റ് പദം ലഭിച്ചാൽ തീർത്ഥങ്കര വാർഡിൽ വിജയിച്ച വേങ്കവിള സജിയെ പരിഗണിക്കുമെന്നാണ് സൂചന. കരകുളം ഗ്രാമപഞ്ചായത്തിൽ കരായാളത്തുകോണം വാർഡുമെമ്പർ ലേഖാറാണിയെ പ്രസിഡന്റും മുക്കോല വാർഡ് മെമ്പർ സുനിൽകുമാറിനെ വൈസ് പ്രസിഡന്റുമാക്കാൻ സി.പി.എം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട സി.പി.ഐയ്ക്ക് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയാൽ മതിയെന്നും ധാരണയുണ്ട്.20 അംഗ ഭരണസമിതിയിൽ സി.പി.എം 15 ഉം സി.പി.ഐ 5 ഉം അംഗങ്ങൾ വീതമാണുള്ളത്.