kovalam

കോവളം: പുതുവർഷത്തിൽ കോവളം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം സാഹസിക ടൂറിസത്തിന്റെ മറ്റൊരു അദ്ധ്യായത്തിന് കൂടി തുടക്കമിടുന്നു. ആകാശത്തുകൂടി പറക്കുന്ന പാരാസെയിലിംഗ് വിനോദത്തിനാണ് ജനുവരി മുതൽ കോവളം തീരം സാക്ഷ്യം വഹിക്കുക. ഇതോടെ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ഗോവയിലും മാത്രം നിലവിലുള്ള പാരാസെയിലിംഗ് വിനോദത്തിന് സൗകര്യമുള്ള കേരളത്തിലെ ആദ്യ സെന്ററായി കോവളം മാറും. ഹൈഡ്രോളിക് സംവിധാനത്തിലുള്ള വീഞ്ച് പാരസെയിൽ ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗോവയിൽ നിർമ്മിച്ച വീഞ്ച് ബോട്ടുകളിൽ യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പാരാസെയിലുകളാണ് ഘടിപ്പിക്കുന്നത്. ഇതിനായി ഗോവയിൽ നിർമ്മിച്ച വീഞ്ച് ബോട്ടുകൾ കോവളത്തെത്തിക്കഴിഞ്ഞു. പ്രത്യേകം തയ്യാറാക്കുന്ന ബ്രെയിഡ് ഓൺ ബ്രെയിഡ് റോപ്പുപയോഗിച്ച് നടത്തുന്ന പാരാസെയിലിംഗിൽ ഒരേസമയം രണ്ടുപേർക്ക് പങ്കെടുക്കാം. തീരത്ത് നിന്ന് മാറി കടലിൽ നങ്കൂരമിടുന്ന ബോട്ടുകളിലേക്ക് വീഞ്ച് ക്രാഫ്റ്റ് ഫീഡർ ബോട്ടുകളുപയോഗിച്ച് സഞ്ചാരികളെ എത്തിക്കും. കാറ്റിന്റെ ഗതിക്കനുസരിച്ച് നടത്തുന്ന പാരാസെയിലിംഗിൽ വിനോദ സഞ്ചാരികൾ ആകാശത്ത് പാറിപ്പറക്കും. കൗതുകത്തിനൊപ്പം ഇത് സാഹസിക കാഴ്ചയുടെ വിരുന്ന് കൂടിയാകും. ടൂറിസം സീസൺ തുടങ്ങുന്ന ഒക്ടോബർ മുതൽ മേയ് വരെയുള്ള കാലയളവിലാണ് പാരാസെയിലിംഗ് നടത്തുക. സാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള സ്‌കൂബാ ഡൈവിംഗ് സൗകര്യം ഇപ്പോൾത്തന്നെ കോവളത്ത് നിലവിലുണ്ട്. സാഹസിക ടൂറിസത്തിന്റെ മറ്റൊരു പതിപ്പായ പാരാസെയിലിംഗ് സൗകര്യം കൂടി എത്തുന്നതോടെ ഇന്ത്യയിലെ പ്രമുഖ വാട്ടർ സ്‌പോർട്സ് ഡെസ്റ്റിനേഷൻ ഹബ്ബായി കോവളം മാറുമെന്നാണ് പ്രതീക്ഷ. 12 വയസിനുതാഴെ പ്രായമുള്ള കുട്ടികൾക്ക് പാരാസെയിലിംഗ് നടത്താൻ അനുവാദം ഉണ്ടായിരിക്കില്ല. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷൻ ഉത്തരവ് പ്രകാരമാണ് നിർദ്ദേശം. ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചിൽ 11 മാസം പ്രായമുള്ള കുട്ടിയെ പാരാസെയിലിംഗിൽ പങ്കെടുപ്പിച്ച സംഭവത്തിൽ സ്വമേധയാ കൈക്കൊണ്ട കേസ് തീർപ്പാക്കിക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിട്ടത്. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് കോവളത്ത് പാരാസെയിലിംഗ് നടത്തുക.