
തിരുവനന്തപുരം : കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് മേയറെയും ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടിമേയറെയും തിരഞ്ഞെടുക്കും. മൂന്നു മുന്നണികളും മത്സരരംഗത്തുള്ളതിനാൽ വോട്ടിംഗ് ഉറപ്പാണ്. സി.പി.എമ്മിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായ ആര്യ രാജേന്ദ്രനാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. സി.പി.ഐയിലെ പി.കെ. രാജുവാണ് ഡെപ്യൂട്ടിമേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ബി.ജെ.പി ചാല വാർഡിലെ സിമി ജ്യോതിഷ് മേയർ സ്ഥാനത്തേക്ക് മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പാൽക്കുളങ്ങര നിന്നുള്ള പി. അശോക് കുമാർ മത്സരിക്കും. യു.ഡി.എഫ് കുന്നുകുഴി കൗൺസിലർ മേരിപുഷ്‌പത്തെയാണ് മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആക്കുളം കൗൺസിലറായ സുരേഷ് കുമാർ മത്സരിക്കും. എൽ.ഡി.എഫിന് 52 ഉം ബി.ജെ.പിക്ക് 35 ഉം യു.ഡി.എഫിന് പത്തും അംഗങ്ങളാണ് കോർപ്പറേഷൻ കൗൺസിലിലുള്ളത്. മൂന്ന് സ്വതന്ത്രൻമാരുമുണ്ട്. ഇതിൽ പൂന്തുറയിൽ നിന്നുള്ള മേരി ജിപ്‌സി എൽ.ഡി.എഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് വനിത വിഭാഗം നേതാവാണ്. ഇവരുടെ പിന്തുണയും എൽ.ഡി.എഫിനാണ്. ഹാർബറിൽ നിന്നുള്ള നിസാമുദ്ദീൻ, കോട്ടപ്പുറത്ത് നിന്നുള്ള പനിയടിമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വോട്ടെടുപ്പിൽ പങ്കെടുക്കുകയാണെങ്കിൽ ഇവർ ഭരണകക്ഷിക്കൊപ്പം നിൽക്കാനാണ് സാദ്ധ്യത. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാണ്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞമേയറായി ആര്യാരാജേന്ദ്രൻ ചുമതലയെൽക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സത്യപ്രതിജ്ഞ നടക്കും.മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വീഴ്ച സംഭവിക്കാതിരിക്കാൻ രാവിലെ 8.30ന് എൽ.ഡി.എഫ് കൗൺസിലർമാർക്ക് സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ മോക്ക് പോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. മോക്ക് പോളിംഗ് രേഖപ്പെടുത്തിയശേഷമാകും കൗൺസിലർമാർ കോർപറേഷനിലേക്ക് എത്തുക.
ജയചന്ദ്രന് പ്രത്യേക പരിഗണന
കൊവിഡ് ബാധിതനായതിനാൽ പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്ക്കെത്തിയ കുടപ്പനക്കുന്ന് കൗൺസിലർ ജയചന്ദ്രൻ നെഗറ്റീവായ ശേഷമുള്ള ഒരാഴ്ചത്തെ ക്വാറന്റൈനിലാണ്. ഇന്നാണ് ഏഴാം ദിവസം. മേയർ, ഡെപ്യൂട്ടിമേയർ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ ഇദ്ദേഹം ഇന്ന് എത്തും. കോർപ്പറേഷനിലെ പ്രത്യേക മുറിയിൽ ഇദ്ദേഹത്തിന് ഇരിപ്പിടമൊരുക്കും. തുടർന്ന് വോട്ടിംഗ് സമയത്ത് മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിച്ച് വോട്ട് രേഖപ്പെടുത്തും. ഇതിന് ആവശ്യമായ ക്രമീകരണം ഒരുക്കാൻ കളക്ടർ നവ്ജ്യോത് ഖോസ സെക്രട്ടറി ബിനിക്ക് നിർദേശം നൽകി. മുല്ലൂർ കൗൺസിലർ ഓമന കൊവിഡ് നിരീക്ഷണത്തിലാണ്. ബന്ധുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പോയത്. കോൺഗ്രസ് പ്രതിനിധിയായ ഇവർ വോട്ട് ചെയ്യാനിടയില്ല.