
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മെരിറ്റ് പാടേ തഴഞ്ഞ് ഗ്രൂപ്പുകൾ സീറ്റുകൾ വീതം വച്ചെന്ന് ഹൈക്കമാൻഡ് പ്രതിനിധികളോട് കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടു. സംസ്ഥാന നേതൃത്വത്തിനും വീഴ്ചയുണ്ടായെന്ന് ചിലർ വിമർശിച്ചപ്പോൾ, നിഷ്പക്ഷമായ തീരുമാനമെടുക്കാൻ കെ.പി.സി.സി നേതൃത്വം പൂർണസ്വാതന്ത്ര്യം നൽകിയത് ജില്ലാതലങ്ങളിൽ ദുരുപയോഗപ്പെടുത്തിയെന്ന് മറ്റ് ചിലരും കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായി. സമയത്തിന് പ്രചരണസാമഗ്രികൾ ലഭിച്ചില്ല. സാമുദായിക നേതൃത്വങ്ങളെ വിശ്വാസത്തിലെുക്കാൻ ചർച്ചകളുണ്ടായില്ല. പരമ്പരാഗത കേന്ദ്രങ്ങളിലെ വലിയ വോട്ട് ചോർച്ച പരിശോധിച്ച് പരിഹരിക്കണം. വെൽഫെയർപാർട്ടി ബാന്ധവത്തെ ചൊല്ലി നേതാക്കളുടെ അനാവശ്യചർച്ചകൾ ആശയക്കുഴപ്പമുണ്ടാക്കി. ഇതൊക്കെ തിരിച്ചറിഞ്ഞ് വേണം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാൻ.
ലീഗ് എം. പിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ചില കോൺഗ്രസ് എം.പിമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രചരണമുയരവേ, അത്തരം നീക്കങ്ങൾ തടയണമെന്ന് തൃശൂർ എം.പി കൂടിയായ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. ഘടകകക്ഷി സമ്മർദ്ദങ്ങൾക്ക് പാർട്ടിയെ പണയം വയ്ക്കില്ലെന്നുറപ്പാക്കുക, മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി പരസ്യമോ രഹസ്യമോ ആയ ധാരണകൾ പാടേ ഒഴിവാക്കുക, യുവാക്കളെയും പുതുമുഖങ്ങളെയും പരമാവധി പരിഗണിക്കുക, യു.ഡി.ഫിനൊപ്പം നിന്ന ജനവിഭാഗങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുക, സോഷ്യൽ എൻജിനീയറിംഗിന് നേതൃത്വം മുൻകൈയെടുക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.
സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്‌മയാണ് പരാജയകാരണമെന്ന് വി.ഡി. സതീശൻ പരാതിപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ വീഴ്ചയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തയാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്ക് പുനഃസംഘടന കൊണ്ട് കാര്യമില്ല. സാമൂഹ്യവിഭാഗങ്ങളെ ഏകോപിപ്പിക്കാനും വോട്ട് ചോർച്ച പരിഹരിക്കാനുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പുകളുടെ അതിപ്രസരമാണ് എല്ലാറ്റിനും കാരണമെന്ന് പി.സി. ചാക്കോ പറഞ്ഞു. ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. തോൽവിയിൽ ജില്ലാ ഘടകങ്ങൾക്കും വലിയ പങ്കുണ്ടെന്ന് കെ.സി. ജോസഫും അടൂർ പ്രകാശ് എം.പിയും പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതിനാൽ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെ.സി. ജോസഫും ഗ്രൂപ്പ് വീതംവയ്പ് തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശും പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലടക്കം ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ കൈകടത്തി തീരുമാനങ്ങൾ അടിച്ചേല്പിക്കുകയും തോൽവി വരുമ്പോൾ പാപഭാരമെല്ലാം ഡി.സി.സി പ്രസിഡന്റിനുമേൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന ഏർപ്പാട് പറ്റില്ലെന്നാണ് പല ഡി.സി.സി പ്രസിഡന്റുമാരുടെയും നിലപാട്. ഡി.സി.സി അദ്ധ്യക്ഷന്മാരാകുന്ന ചെറുപ്പക്കാരെയടക്കം മാനസികമായി തളർത്തുന്ന സമീപനം മുതിർന്ന നേതാക്കളിൽ നിന്നുണ്ടാകുന്നുവെന്ന പരാതിയുമുയർന്നു. യുവാക്കളെ കളത്തിലിറക്കണമെന്ന് എം.ലിജു, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ നിർദ്ദേശിച്ചു. തിരുവനന്തപുരമടക്കം ഡി.സി.സികളിൽ അഴിച്ചുപണി വേണമെന്നും പലരും ആവശ്യപ്പെട്ടു.