നെടുമങ്ങാട്: ആശാ വോളന്റിയറും കുടുംബശ്രീ പ്രവർത്തകയുമായ നാല്പത്തിയൊന്നുകാരി സി.എസ്. ശ്രീജ നെടുമങ്ങാട് നഗരസഭാദ്ധ്യക്ഷയാവും. പറമുട്ടം വാർഡിൽ യു.ഡി.എഫുമായുള്ള നേർക്കുനേർ മത്സരത്തിൽ 120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൗൺസിലിലെത്തിയ ശ്രീജ, പ്രൊഫ. നബീസാ ഉമ്മാളിനും മഹിളാ അസോസിയേഷൻ നേതാവ് ലേഖാസുരേഷിനും ശേഷം നഗരസഭ ചെയർപേഴ്‌സണാകുന്ന മൂന്നാമത്തെ വനിതയാണ്. 2005 -ൽ ഇതേവാർഡിൽ കൗൺസിലറായിരുന്ന യതീഷ്‌കുമാർ ഭർത്താവാണ്. വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്ക് നൽകാനും തീരുമാനമായി. കഴിഞ്ഞ കൗൺസിലിൽ വൈസ് ചെർപേഴ്‌സണായിരുന്ന പൂവത്തൂർ വാർഡ് കൗൺസിലർ ലേഖാ വിക്രമനും പരിയാരം വാർഡ് കൗൺസിലറും മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എസ്. രവീന്ദ്രനുമാണ് പരിഗണനയിലുള്ളത്. ഇന്നലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി അഡ്വ. ആർ. ജയദേവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഏരിയ സെന്റർ യോഗമാണ് സി.എസ്. ശ്രീജയെ ചെയർപേഴ്‌സണാക്കാനും വൈസ് ചെയർപേഴ്‌സൺ സ്ഥാനം സി.പി.ഐക്ക് നൽകാനും തീരുമാനിച്ചത്. തറട്ട വാർഡ് കൗൺസിലറും സി.പി.എം നേതാവുമായ പി. ഹരികേശൻ നായരെ വൈസ് ചെയർമാനാക്കണമെന്ന് നിർദ്ദേശം ഉയർന്നെങ്കിലും ഒടുവിൽ, സി.പി.ഐയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേർന്ന് വൈസ് ചെയർമാനെ തീരുമാനിക്കുമെന്ന് മണ്ഡലം സെക്രട്ടറി പി.എസ്. ഷെരീഫ് അറിയിച്ചു. 39 അംഗ നഗരസഭ കൗൺസിലിൽ 27 അംഗങ്ങളുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്. ആകെയുള്ള അംഗങ്ങളിൽ 25 പേരും വനിതകളാണെന്ന പ്രത്യേകതയുണ്ട്. വൈസ് ചെയർമാൻ സ്ഥാനത്തേക്കും വനിത തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അഞ്ച് വർഷം നഗര ഭരണം സമ്പൂർണമായും വളയിട്ട കൈകളിലമരും.
നെടുമങ്ങാട് ബ്ലോക്കിൽ വി. അമ്പിളിയും വാമനപുരം ബ്ലോക്കിൽ ജി. കോമളവും
മൃഗീയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മരുതൂർ ഡിവിഷനിൽ വിജയിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. അമ്പിളിയാണ് അന്തിമ പട്ടികയിൽ മുന്നിലുള്ളത്. പനവൂർ ഡിവിഷൻ മെമ്പർ മുൻ പനവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഷ, ആട്ടുകാൽ ഡിവിഷൻ മെമ്പർ മുൻ ആനാട് പഞ്ചായത്തംഗം ചിത്രലേഖ എന്നിവരും ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചിരുന്നു. 13 അംഗ ബ്ലോക്ക് ഭരണസമിതിയിൽ 3 അംഗങ്ങളുള്ള സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്കാനാണ് ധാരണ. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റംഗം അരുവിക്കര വിജയൻ നായർ വൈസ് പ്രസിഡന്റാവും. ചെറിയകൊണ്ണി ഡിവിഷൻ മെമ്പറാണ്. എൽ.ഡി.എഫ് അഭിമാന വിജയം കരസ്ഥമാക്കിയ വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പാലോട് ഡിവിഷൻ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത ജി. കോമളത്തെ പ്രസിഡന്റാക്കാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. വൈസ് പ്രസിഡന്റ് പദത്തിനായി സി.പി.ഐ പിടിമുറുക്കിയിട്ടുണ്ടെങ്കിലും സി.പി.എം വഴങ്ങിയിട്ടില്ല.