shakha-

വെള്ളറട: അമ്പത്തൊന്നു വയസുള്ള ഭാര്യ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിയൊൻപതുകാരനായ ഭർത്താവ് അരുൺ അറസ്റ്റിൽ. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഷോക്കടിപ്പിച്ചതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നലെ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അതിനുശേഷം വൈദ്യുതി കമ്പി ചുറ്റി ഷോക്കടിപ്പിച്ചതാണെന്നും കണ്ടെത്തി. തുടർന്നാണ് കസ്റ്റഡിയിലായിരുന്ന ഭർത്താവ് ആറാലുംമൂട് പത്താംകല്ല് അരുൺ നിവാസിൽ അരുണിന്റെ അറസ്റ്റ് വെള്ളറട പൊലീസ് രേഖപ്പെടുത്തിയത്.

ശാഖകുമാരിയെ ഒഴിവാക്കി സ്വത്ത് സ്വന്തമാക്കി കടന്നുകളയുകയായിരുന്നു അരുണിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു. അതിന് വേണ്ടിയാണ് കൊലപാതകം ആസുത്രണം ചെയ്തത്.

ബെഡ്റൂമിൽ കൈകൾകൊണ്ട് മൂക്കും വായും പൊത്തിപിടച്ച് ശ്വാസം മുട്ടിച്ച് കൊലചെയ്തശേഷം എടുത്ത് കൊണ്ടുവന്ന് ഹാളിൽ കിടത്തി ഷോക്കേൽപ്പിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. ക്രിസ്മസിനുള്ള വൈദ്യുത ദീപാലങ്കാരത്തിൽ നിന്നാണ് ഷോക്കേൽപ്പിച്ചത്. ശ്രദ്ധക്കുറവ് കാരണം വൈദ്യുതാഘാതമേറ്റ് ‌ മരിച്ചെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും പൊലീസ് പറഞ്ഞു. നാട്ടുകാർ എത്തുമ്പോൾ വയറും അലങ്കാര ദീപങ്ങളും ചുറ്റിപ്പിണ‌ഞ്ഞ് കമഴ്ന്ന് കിടക്കുന്ന നിലയിലാണ് ശാഖയെ കണ്ടത്. മൂക്കിൽ നിന്നു മുറിവേറ്റ് രക്തം ഒലിച്ചിരുന്നു. ഇത് സംശയത്തിനിടയാക്കിയിരുന്നു. പൊലീസ് ബെഡ്റൂമിലെ ഷീറ്റിലും രക്തകറ കണ്ടെത്തിയിട്ടുണ്ട്.

മൂന്നുവർഷം മുമ്പാണ് പ്രണയം ആരംഭിച്ചതെങ്കിലും ശാഖ കുമാരിയുടെ നിർബന്ധത്തെ തുടർന്നാണ് മൂന്നുമാസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളുമായി എത്തി ഒക്ടോബർ 20ന് അരുൺ വിവാഹം കഴിച്ചത്. ശാഖകുമാരിയുടെ സ്വത്തിൽ അരുണിന് മോഹമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ കഴിഞ്ഞാണ് പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇരുവരും പോയത്. അരുണിനെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളറട സി. ഐ എം.ശ്രീകുമാർ പറഞ്ഞു.