trivandrum-corporation

തിരുവനന്തപുരം : സംസ്ഥാനത്തെ കോർപ്പറേഷനുകളെയും,മുനിസിപ്പാലിറ്റികളെയും അടുത്ത അഞ്ച് വർഷത്തേക്ക് നയിക്കേണ്ട പുതിയ സാരഥികൾ ഇന്ന് അധികാരത്തിലേറും. രാവിലെ 11ന് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കും ഉച്ചയ്ക്ക് രണ്ടിന് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പും തുടർന്ന് സത്യപ്രതിജ്ഞയും നടക്കും. ഗ്രാമ,ബ്ളോക്ക്,ജില്ലാ പഞ്ചായത്തുകളിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പും ,സത്യപ്രതിജ്ഞയും ബുധനാഴ്ചയാണ്.

ഒന്നിലധികം സ്ഥാനാർത്ഥികളില്ലെങ്കിൽ തിരഞ്ഞെടുപ്പ് കൂടാതെ അദ്ധ്യക്ഷ,ഉപാദ്ധ്യക്ഷൻമാരെ നിശ്ചയിക്കാം. ഹാജരാകുന്ന ഓരോ അംഗവും യോഗത്തിനെത്തിയ സമയം വരണാധികാരിയുടെ കൈവശമുളള പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം. മത്സരത്തിനുളള സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ അംഗങ്ങളെ വരണാധികാരി ക്ഷണിക്കും. ഒരാൾ നാമനിർദ്ദേശം ചെയ്യണം മറ്റൊരാൾ പിന്താങ്ങണം.

വോട്ടിടുമ്പോൾ

ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർത്ഥികളുടെയും പേരും,മറുപുറത്ത് വരണാധികാരിയുടെ ഒപ്പും മുദ്ര‌യും വേണം.

ബാലറ്റു പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനു നേരെ 'X' എന്ന് അടയാളപ്പെടുത്തണം

ബാലറ്റു പേപ്പറിന്റെ പുറകു വശത്ത് വോട്ടു ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം.

വോട്ടെടുപ്പ് പൂർത്തിയായ ശേഷം അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വോട്ടുകൾ എണ്ണും.

അദ്ധ്യക്ഷൻ വരണാധികാരിക്കും, ഉപാദ്ധ്യക്ഷൻ അദ്ധ്യക്ഷനും മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടണം.