indira

വെമ്പായം: വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചുതള്ളിയ ഭാര്യാ മാതാവ് തലയടിച്ച് വീണ് മരിച്ചു. വെമ്പായം ചിറത്തലയ്ക്കൽ പേരിലക്കോട് നീതു ഭവനിൽ ഇന്ദിരയാണ് (45) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഇന്ദിരയുടെ ഭർത്താവ് ബാബു ജോലിസ്ഥലത്തായിരുന്നു.

മകൾ നീതുവിന്റെ ഭർത്താവ് വെഞ്ഞാറമൂട് മാരിയം സ്വദേശി സുനിലിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് സുനിൽ ഇവിടെയെത്തി വഴക്കുണ്ടാക്കിയത്. ഇന്ദിരയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു വർഷമായി നീതുവുമായി പിണങ്ങിക്കഴിയുകയായിരുന്നു സുനിൽ. രണ്ടു കുട്ടികളുമായി നീതു ഇന്ദിരയോടൊപ്പമാണ് താമസം. ഇടയ്ക്കിടയ്ക്ക് കുട്ടികളെ കാണാൻ വരുന്ന സുനിൽ പ്രശ്നങ്ങൾ ഉണ്ടാ

ക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

രണ്ടാഴ്ചയ്ക്കു മുൻപ് കുട്ടികളെ കൊണ്ടുപോയി. ഇന്നലെ എത്തിയ സുനിൽ കുട്ടികൾക്ക് സുഖമില്ലാത്തതിനാൽ നീതു കൂടെ ചെല്ലണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. നീതുവിന്റെ സഹോദരൻ നിതീഷ് ബാബുവുമായി തർക്കമായി. ഇതിനിടയിലാണ് ഇന്ദിരയെ പിടിച്ചു തള്ളിയത്. സുനിലിനെ വെഞ്ഞാറമൂട് മാരിയത്തെ വീട്ടിൽ നിന്നു വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.