
തിരുവനന്തപുരം: സുഗതകുമാരിയുടെ ചിതാഭസ്മം വർക്കല പാപനാശം കടലിൽ നിമഞ്ജനം ചെയ്തു. ഇന്നലെ രാവിലെ ശാന്തികവാടത്തിൽ നിന്നും മകൾ ലക്ഷ്മിദേവിയും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയ ചിതാഭസ്‌മം അടങ്ങിയ കലശം 10 മണിയോടെയാണ് കടലിൽ ഒഴുക്കിയത്. ഇളയ സഹോദരി സുജാതദേവിയുടെ ചെറുമകൻ വിഷ്ണുവാണ് ചിതാഭസ്മം അടങ്ങിയ കലശം കടലിൽ ഒഴുക്കിയത്. മറ്റു ചടങ്ങുകൾ ഉണ്ടായിരുന്നില്ല. സഹോദരിമാരുടെ മക്കളായ ശ്രീദേവി പിള്ള, പത്മനാഭൻ ബന്ധുക്കളായ കേശവൻകുട്ടി, ഹരീഷ്, ഗീത, ഗാഥ, വിനീത എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ശാന്തികവാടത്തിൽ നിന്നും മകൾ ലക്ഷ്മിദേവി ഏറ്റുവാങ്ങിയ മറ്റൊരു കലശം കെ. ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി. അദ്ദേഹം ബോധേശ്വരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലേക്ക് കലശം കൊണ്ടുപോയി. കന്യാകുമാരി യാത്രക്കിടെ ഗാന്ധിജി താമസിച്ച ഊരൂട്ടുകാലയിലെ ഡോ. ജി. രാമചന്ദ്രന്റെ വസതിയിലെ മുറിയിൽ ചിതാഭസ്മം തിങ്കളാഴ്ച വരെ സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ പൊതുദർശനത്തിന് വയ്‌ക്കുന്ന ചിതാഭസ്‌മം പുതിയ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ അരുവിപ്പുറത്തേക്ക് കൊണ്ടുപോയി മഠത്തോട് ചേർന്ന് നെയ്യാറിലെ കടവിൽ നിമഞ്ജനം ചെയ്യും.