
തിരുവനന്തപുരം: അഡ്വ.ജയശങ്കറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ എസ്.എഫ്.ഐ. രംഗത്ത്. 'മീൻ വൃത്തിയാക്കാൻ പോലും അറിയാത്ത പെൺകുട്ടികളെ മേയറാക്കുകയാണ് ഇടതുപക്ഷം' എന്ന പരാമർശം അപലപനീയവും വാതോരാതെയുള്ള വിവരമില്ലായ്മയുമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് പറഞ്ഞു.മീൻ വൃത്തിയാക്കാൻ അറിയുകയെന്നതാണോ ഒരു സ്ത്രീയുടെ യോഗ്യത. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ ആര്യ രാജേന്ദ്രനെ തലസ്ഥാന നഗരിയുടെ മേയറാക്കാനുള്ള തീരുമാനത്തിനോട് വലിയ മതിപ്പോടെയാണ് കേരളസമൂഹം പ്രതികരിച്ചത്.
നല്ലത് ജയശങ്കറിന് പിടിക്കില്ല എന്നുള്ളത് കേരളത്തിന് പണ്ടേ അറിയുന്നതാണെങ്കിലും പുതുതലമുറയിലെ പെൺകുട്ടികൾ തദ്ദേശസ്ഥാപനങ്ങളുടെ അധികാരപദവികളിലേക്കെത്തുന്നതിനോടുള്ള പ്രതികരണം അദ്ദേഹത്തിന്റെ മാനസികനില എങ്ങനെയാണെന്നുള്ളതിന്റെ ഒടുവിലത്തെ സൂചനയാണെന്നും സച്ചിൻദേവ് പ്രതികരിച്ചു.