
കൊട്ടാരക്കര: വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. പ്ലാപ്പള്ളി അഖിൽ ഭവനത്തിൽ അഖിലി(19)നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടു ദിവസം മുമ്പ് സദാനന്ദപുരത്ത് നടന്ന വാഹനാപകടത്തിലെ പ്രതിയെ അഖിലിന്റെ അച്ഛൻ അശോകൻ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഞായറാഴ്ച പൊലീസ് സംഘം വീട്ടിലെത്തിയത്. അശോകൻ അവിടെ ഉണ്ടായിരുന്നില്ല. വീട്ടിൽ കടന്ന പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത അഖിലിനെ പൊലീസുകാരിലൊരാൾ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അടുത്തകാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ അഖിലിന്റെ കാലിൽ ബൂട്ടിട്ട് ചവുട്ടുകയും മർദ്ദിക്കുകയും ചെയ്തു. അഖിലിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരേയും മർദ്ദിച്ചിട്ടില്ലെന്നും അഖിൽ മോശമായി സംസാരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സദാനന്ദപുരത്ത് രണ്ടു ദിവസം മുമ്പ് അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. പ്ലാപ്പള്ളി സ്വദേശി ഓടിച്ച ബൈക്കാണ് ഇടിച്ചതെന്നും ഇയ്യാളെ രക്ഷപെടാൻ സഹായിച്ചത് അശോകനാണെന്നും പൊലീസ് ആരോപിക്കുന്നു.