s

വെഞ്ഞാറമൂട്: പുതുവർഷത്തിലെങ്കിലും അടുത്ത ബെല്ലോടു കൂടി അരങ്ങിൽ എത്താമെന്ന് നാടക, ബാല സമിതികളുടെയും ഗാനമേള, മിമിക്സ് ഉൾപ്പെടെയുള്ള ഇതര കലാസംഘങ്ങളുടെയും പ്രതീക്ഷകൾക്ക് മേലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ആദ്യ വെടി പൊട്ടിച്ചതോടെ പുതുവർഷവും വട്ടപ്പൂജ്യം ആകുമോ എന്ന ആശങ്കയിലാണ് കലാകാരന്മാർ. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാൽ പൊടി പിടിച്ചു കിടന്നിരുന്ന കഥകളും കലാരൂപങ്ങളും മിനുക്കി എടുക്കാൻ ഒരുങ്ങുമ്പോഴാണ് ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ഇതര ക്ഷേത്രഭരണ സമിതികളും ഈ വഴി പിന്തുടർന്നാൽ സമിതികളുടെ കാര്യം തഥൈവ. ജനം കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ചതോടെ പല നിയന്ത്രണങ്ങളിലും അയവ് വരുത്തിയെങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കൂടുതൽ ശക്തിയോടെ തിരിച്ചെത്തിയതാണ് വീണ്ടും വിനയായത് .നിയന്ത്രണങ്ങൾ തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ ആയിരക്കണക്കിന് കലാകാരന്മാരാണ് ഉപജീവനം നഷ്ടപ്പെട്ട കടക്കെണിയിലായത്. ഇക്കാലയളവിൽ രണ്ട് ഗഡുക്കളായി സർക്കാർ നൽകിയ 2000 രൂപയായിരുന്നു ആകെ ആശ്വാസം. ഈ തുക എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതിയും ഉണ്ട്. കലാകാരൻ എന്ന പേരുദോഷം ഉള്ളതിനാൽ ജോലിക്ക് ആരും വിളിക്കാറില്ലെന്ന് പലരും പരാതി പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ നിരന്തരം നോട്ടീസുകൾ വരുന്നുണ്ട്.ഷോപ്പിങ് മാളുകളിൽ പോലും നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സർക്കാർ കലാകാരന്മാരോട് തുടരുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വർഷത്തിൽ 5 മാസം ലഭിക്കുന്ന പരിപാടികളാണ് ഭൂരിഭാഗം കലാസമിതികളുടെയും വരുമാനം. പല ട്രൂപ്പുകളും പിരിച്ചുവിട്ട നിലയിലാണ്.

കൈവിട്ടു ക്രിസ്മസും പുതുവത്സരവും

കലാസമിതികൾക്ക് വരും വർഷത്തേക്കുള്ള ഊർജ്ജം പകർന്നിരുന്നത് വർഷാവസാനം ലഭിച്ചിരുന്ന മണ്ഡല മഹോത്സവങ്ങൾ, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ എന്നിവയായിരുന്നു. ഇത്തവണ അതും ലഭിച്ചില്ല.

ദേവസ്വം ബോർഡ് നിയന്ത്രണങ്ങൾ

ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം. സ്റ്റേജ് ഷോകളും സമ്മേളനങ്ങളും നടത്തില്ല

ക്ഷേത്ര പരിസരത്ത് ആൾക്കൂട്ടം അനുവദിക്കില്ല. ഉത്സവത്തിന് ആനകളെ പങ്കെടുപ്പിക്കില്ല

വീടുകളിൽ പോയി പറയെടുപ്പില്ല. ക്ഷേത്രപരിസരത്ത് പരമാവധി 50 പേർ. അന്നദാനം നടത്തില്ല.