കോവളം: മോഷണക്കേസിലെ പ്രതിയുമായി എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് ജീപ്പ് തകർക്കുകയും പ്രതിയെ രക്ഷപ്പെടുത്തുകയും ചെയ്‌ത കേസിൽ മൂന്ന് പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്‌തു. ആറ്റുകാൽ എം.എസ്.കെ നഗർ സ്വദേശി സുധീഷ് (23), മാറനല്ലൂർ തൂങ്ങാംപാറ സ്വദേശി അജീഷ് (22), കണ്ടല സ്വദേശി സച്ചിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഏഴു പേർ പിടിയിലായി. ഇനി 10 പേരെ കൂടി പിടികൂടാനുണ്ടെന്നും പ്രതികൾ കമലേശ്വരം,​ മണക്കാട് എന്നിവിടങ്ങളിൽ മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്ക്, വെട്ടുകത്തി, മോഷ്ടിച്ച വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മുഖ്യ സൂത്രധാരനായ നന്ദു ഉൾപ്പടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. സുധീഷും വിവേകുമാണ് തുണിക്കടകളിൽ മോഷണം നടത്തിയത്. കൊലപാതകശ്രമക്കേസിലെ പ്രതികളായ അജീഷും സച്ചിനും സംഭവത്തിനുശേഷം ശാന്തിപുരത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മീഷണർ ആർ. പ്രതാപൻ നായർ, ഇൻസ്‌പെക്ടർമാരായ ജെ. രാകേഷ്, വി.സജികുമാർ,​ എസ്.ഐ.മാരായ വിമൽ, ആഷാ.വി.രേഖാ,നിതിൻ നളൻ, തെഫ്റ്റ് സ്‌ക്വാഡംഗങ്ങളായ ജെ.എസ്. കണ്ണൻ, സെൽവിയസ് രാജു, ശരത്കുമാർ, ബിനു, ശ്രീരാജ്, ആനന്ദ് രാജ്, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.