തിരുവനന്തപുരം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കേസുകൾ തീർപ്പാക്കുന്നതിന് തിരുവനന്തപുരത്തും നെടുമങ്ങാടും പുതിയ പോക്സോ കോടതികൾ അനുവദിച്ച് ഉത്തരവായി. രണ്ട് കോടതികളും ജനുവരിൽ 8 മുതൽ പ്രവർത്തിക്കും. തിരുവനന്തപുരത്തെ കോടതി പാറ്റൂരിലെ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുക. രണ്ട് മാസങ്ങൾക്ക് മുമ്പ് ആറ്റിങ്ങലിൽ പോക്സോ കോടതി ആരംഭിച്ചിരുന്നു. ഇതോടെ ജില്ലയിൽ പോക്സോ കോടതികളുടെ എണ്ണം മൂന്നായി. പുതിയ കോടതികൾക്ക് ഗസറ്റിൽ വിഞ്ജാപനമിറക്കാനും ജനുവരിൽ മുതൽ പ്രവർത്തിച്ചു തുടങ്ങാനും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് നൽകി. കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നൽകിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്സോ കോടതികൾസ്ഥാപിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്.