
കണ്ണൂർ: മലബാർ പുതിയ ലഹരി ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങളുമായി 'ന്യൂജൻ" മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വച്ച് 10 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി പിടിയിലായ കാസർകോട് സ്വദേശികളിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ആന്ധ്രാപ്രദേശ്, ഒഡിഷ, കർണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളിൽ മലയാളികളുടെ മേൽനോട്ടത്തിൽ കഞ്ചാവ് ഓയിലുകളും പേസ്റ്റുകളും ടൺ കണക്കിന് കഞ്ചാവും കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ മൊത്തക്കച്ചവടക്കാർ എത്തിക്കുന്നുണ്ടെന്നാണ് കോഴിക്കോട്ട് പിടിയിലായ കാസർകോട് ഉപ്പള സ്വദേശികളായ കൂടൽ ചിപ്പാറ പൈവളിഗെ അബ്ദുൾ മുനീർ (31), ഗുരുദപദവ് സുങ്കതകട്ട മൻസൂർ (30) എന്നിവർ പറഞ്ഞത്.
മാരുതി കാറിൽ നിന്നും ആറ് കിലോ കഞ്ചാവും ഒന്നരകിലോ ഹഷീഷ് ഓയിലുമായാണ് ഇവരെ ഇരുവരെയും പൊലീസ് പിടികൂടിയത്. മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വിൽപനക്കാർക്ക് അവരുടെ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നവരാണ് ഇരുവരും.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. ഏതാനും ദിവസം മുൻപ് 20 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികളെയും പേരാമ്പ്ര പൊലീസ് പിടികൂടിയിരുന്നു.
തുടക്കമിടാൻ 'ടൈംബോംബ്" മിഠായി
ലഹരി അനുഭവപ്പെടുന്നതും കഴിക്കുമ്പോൾ ബോധക്ഷയം പോലും സംഭവിക്കുന്ന 'ടൈം ബോംബ്" മിഠായി മലബാറിൽ വ്യാപകമാകുന്നു. ഇതു കഴിച്ച കോഴിക്കോട് ജില്ലയിലെ ചില വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. ഹോൾസെയിൽ കടയിൽ നിന്ന് ദിവസവും ഓരോ കടകളിലേക്കും രണ്ടും മൂന്നും ജാർ ടൈംബോംബ് പോവുന്നതായി കടയുടമകൾ പറഞ്ഞു. പെട്ടിക്കടകളിൽ എത്തുന്ന ഈ ചൂയിംഗം മിഠായി പെട്ടെന്നുതന്നെ തീർന്നു പോവുന്നു. ഇതുകഴിച്ച് അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികൾക്ക് സാധാരണ നില കൈവരിക്കാൻ രണ്ടും മൂന്നും ദിവസം എടുക്കുന്നതായി രക്ഷിതാക്കളും അറിയിച്ചിരുന്നു.