
പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് പാലോട് ഡിവിഷനിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ച കോമളമാണ്. പാലോട് സർക്കാർ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറായി അഞ്ചുവർഷത്തോളം കോമളം ജോലി ചെയ്തിരുന്നു. തൂപ്പ് ജോലി ലഭിക്കും മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഈ കാലയളവിൽ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വാമനപുരം ബ്ലോക്ക് ഓഫീസിൽ കയറിയിറങ്ങി. അതേ ഓഫീസിൽ പ്രസിഡന്റായി എത്തുമ്പോൾ അഭിമാനമുണ്ടെന്ന് കോമളം പറയുന്നു. ആകെയുള്ള പന്ത്രണ്ടര സെന്റ് വസ്തുവിൽ 2002ൽ പഞ്ചായത്തിൽ നിന്നും ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് കോമളം താമസിക്കുന്നത്. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള കോമളത്തിന് മൂന്നുമക്കളാണ്. മൂത്ത മകൾ ശരണ്യ വിവാഹിതയാണ്. രണ്ടാമത്തെ മകൾ വിദ്യ ഡിഗ്രി വിദ്യാർത്ഥി. മകൻ ഗൗതമൻ പോളിടെക്‌നിക് വിദ്യാർത്ഥിയാണ്. പാലോട് കുശവൂരിൽ ഒരു കൊച്ചുമുറിയിൽ പൂക്കട നടത്തുന്ന ശശിയാണ് ഭർത്താവ്.