samseeda-

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ. വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നഗരസഭാ ഭരണത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു സ്തുത്യർഹമായ പ്രവർത്തനം നടത്തിയതിന് മുസ്ലിംലീഗ് നേതൃത്വം നൽകിയ അംഗീകാരമാണ് ചെയർമാൻ സ്ഥാനം. തളങ്കര പള്ളിക്കാലിലെ വൈദ്യർ കുടുംബത്തിലെ അംഗമാണ് ഈ നിയമബിരുദദാരി. കാസർകോട് നഗരസഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ ചെയർമാനും വി.എം മുനീർ ആണ്. നഗരസഭയിലെ മുന്നാം വാർഡായ അടുക്കത്ത് ബയലിൽ നിന്നാണ് സംസീദ ഫിറോസ് തിരഞ്ഞെടുക്കപ്പെട്ടത് ഓഫീസ് മനേജ്‌മെന്റിൽ ബിരുദ ദാരിയാണ്. 38 അംഗങ്ങളുള്ള കാസർകോട് നഗരസഭയിൽ ലീഗിന് മാത്രം 21 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് 14 കൗൺസിലർമാരും സി.പി.എമ്മിന് ഒരാളുമാണ് വിജയിച്ചത്. ഫോർട്ട് റോഡ് , ഹൊന്നമൂല വാർഡിൽ നിന്ന് ലീഗ് റിബൽ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർലിമെന്ററി ബോർഡാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഏഴ് മണിവരെ നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം ഉണ്ടായത്. വി.എം മുനീർ, അബ്ബാസ് ബീഗം എന്നിവരാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണയിൽ ഉണ്ടായിരുന്നത്.