guru

ശിവഗിരി തീർത്ഥാടനവേളയിൽ ഗുരുവിന്റെ സവിശേഷ പ്രതിഷ്ഠകളും പ്രായോഗിക ബുദ്ധിയോടെ അദ്ദേഹം നടത്തിയ ചില അത്ഭുത സിദ്ധികളും ഓർമ്മപ്പെടുത്തുകയാണ്.

കൊല്ലവർഷം 1070-ൽ കരുനാഗപ്പള്ളി തീരദേശത്തെ കുന്നിനേഴ്‌ത്ത് ഭഗവതിക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് കെട്ടുവള്ളത്തിൽ തൊട്ടടുത്ത തുറയിൽകുന്നിലെത്തിയ ഗുരുവിനെ ലേഖകന്റെ പിതാമഹനായ പുല്ലന്തറ കൃഷ്ണനാശാന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിച്ച് തൂവെള്ള തുണിവിരിച്ച ചാരുകസേരയിൽ ഇരുത്താൻ ശ്രമിക്കുന്നു. ഗുരു അതിൽ ഉപവിഷ്ടനാകാതെ പുതിയ തുണിയോ അലക്കിയ തുണിയോ വിരിക്കാൻ നിർദ്ദേശിക്കുന്നു. ചാരുകസേരയിൽ വിരിച്ച തുണിയിൽ നേരത്തെ ആരോ കയറിയിരുന്ന വിവരം പിന്നീടാണ് കാര്യം അന്വേഷിച്ച ഭക്തജനങ്ങൾ അറിഞ്ഞത്. കൂടാതെ ചാരുകസേര ഏതാനും അടി മാറ്റിയിടാനും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ആയതിന്റെ കാരണമാരാഞ്ഞ ചുറ്റും നിന്ന ഭക്തരോട്, ഗുരു അരുളിയത് ''അവിടെ മറ്റൊരാളിന്റെ ഇരിപ്പിടം വരുമെന്നാണ് " - ഗുരു സൂചിപ്പിച്ച ആ സ്ഥലത്താണ്, മരുത്വാമലയുടെ മുകളിലുള്ള പിള്ളത്തടത്തിൽ ഘോരതപസനുഷ്ഠിച്ച സമയത്ത് ഒരുദിവസം ഗുരുവിന്റെ മുമ്പിൽ പ്രത്യക്ഷനായെന്നു കരുതുന്ന ഗുരുവിന്റെ ഉപാസനമൂർത്തി കൂടിയായ സുബ്രഹ്മണ്യസ്വാമിയെ പിന്നീട് പ്രതിഷ്ഠിച്ച പ്രസിദ്ധമായ തുറയിൽകുന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞ് തൊട്ടടുത്ത വർഷം പ്രതിഷ്ഠിച്ച കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ ഗുരു വിശ്രമിക്കുന്ന കാലത്ത് തന്റെ ശിഷ്യന്മാരുടെ പക്കലുണ്ടായിരുന്ന പണം കുളിക്കടവിൽ വച്ച് ഒരാൾ മോഷ്ടിച്ചുകൊണ്ട് ഓടിയതായി ഗുരുവിനെ അറിയിച്ചപ്പോൾ 'അയാൾ ഓടിക്കൊണ്ടിരിക്കും" എന്ന് ഗുരു മറുപടി പറയുകയും അയാൾക്ക് നടക്കാനാവാത്ത അവസ്ഥയിൽ ജീവിതകാലം മുഴുവൻ ഓടേണ്ടതായി വരികയും ചെയ്തു.

ശിവഗിരി ഇംഗ്ളീഷ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന ജോണിന്റെ ക്ഷണപ്രകാരം ശിവഗിരിയിലെത്തിയ അഞ്ച് സായിപ്പന്മാർ, ഗുരുമുഖത്ത് നിന്ന് പ്രസരിച്ച പ്രഭാവലയം കണ്ട് ബോധരഹിതരെപ്പോലെയായി ഗുരുതൃപ്പാദങ്ങളെ സാഷ്‌ടാംഗം പ്രണമിച്ച്, രണ്ടാം ക്രിസ്തുവെന്ന് ഗുരുവിനെ വിശേഷിപ്പിച്ച സംഭവം സ്‌മരണീയമാണ്.

പ്രമാണി കുടുംബത്തിലെ കരുത്തനായ ഒരു യുവാവിനെ ഒരിക്കൽ ഭ്രാന്തിന്റെ ശല്യം കാരണം അയാളുടെ ബന്ധുക്കൾ ശിവഗിരിയിലെത്തിക്കുകയും ഭ്രാന്തൻ തോണിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത കാരണം ഗുരു അയാളുടെ അടുക്കലേക്ക് ചെല്ലണമെന്ന ആവശ്യമുയരുകയും ചെയ്തു. ആരും നിർബന്ധിക്കാതെ തന്നെ ആ ഭ്രാന്തനായ യുവാവ് ഓടിവന്ന് ഗുരുസന്നിധിയിൽ സാഷ്ടാംഗം വീഴുകയാണുണ്ടായത്. അയാളുടെ രോഗം ഗുരുവിന്റെ ചന്ദനവടി പ്രയോഗത്താൽ നിശേഷം മാറി.അതുപോലെ ഗുരുവിന്റെ സവിശേഷമായ ചില പ്രതിഷ്ഠകൾ താഴെപ്പറയുന്നു.

സ്വാമികൾ 33 വയസുള്ള തേജോമയനായ ഒരു യുവയോഗി ആയിരുന്ന സമയത്താണ് കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചുകൊണ്ട് 1888ൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ശതാബ്ദങ്ങൾ നീണ്ട അനാചാരങ്ങളോടുള്ള സൗമ്യമായ ധിക്കാരമായിരുന്നു ആരാധനാ സ്വാതന്ത്ര്യത്തിന് നാന്ദികുറിച്ച അരുവിപ്പുറം പ്രതിഷ്ഠ. തൊട്ടടുത്ത വർഷം 1889ൽ തിരുവനന്തപുരം മണ്ണന്തല ആനന്ദവല്ലീശ്വരം പ്രതിഷ്ഠ കഴിഞ്ഞ് ''തിങ്കൾ മൗലിതിരുമെയ് തലോടി ചേർന്നിരിക്കുന്ന തങ്കത്തിനെ" പ്രകീർത്തിച്ച് ഗുരു 'മണ്ണന്തല ദേവീസ്തവം" രചിക്കുകയും ചെയ്തു. ഈ കാലത്ത് തന്നെയാണ് ഗുരു വക്കം ദേവേശ്വരക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ഈ പ്രതിഷ്ഠയോടനുബന്ധിച്ചാണ് പിന്നീട് മഹാകവി കുമാരനാശാനായി മാറിയ 'കുമാരു"വിനെ ആദ്യമായി കണ്ടെത്തി അനുഗ്രഹിച്ചത്. കുന്നുംപാറയിൽ 1895 ൽ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചു. പഴയ കൊച്ചിരാജ്യത്ത് പെരുങ്ങോട്ടുകരയിൽ ഗുരു സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന പ്രതിഷ്ഠയാണ് ശ്രീസോമശേഖര പ്രതിഷ്ഠ. 1908ലെ തലശേരിയിലെ ജഗന്നാഥക്ഷേത്ര പ്രതിഷ്ഠ, 1910ലെ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രപ്രതിഷ്ഠ, 1918 ലെ കണ്ണൂർ സുന്ദരേശ്വര പ്രതിഷ്ഠ എന്നിവ. സ്വാമികളുടെ മുൻകാല പ്രതിഷ്ഠകളിൽ നിന്ന് ഏറ്റവും വ്യത്യസ്‌തമാണ് 1912ൽ ലോകപ്രസിദ്ധമായ ശിവഗിരി ശാരദാ പ്രതിഷ്ഠ . വിദ്യാമഹേശ്വരിയായ ശാദരയെയാണ് ക്രാന്തദർശിയായ ഗുരു ശിവഗിരിയിൽ പ്രതിഷ്ഠിച്ചത്. ഗുരു ക്ഷേത്രപ്രതിഷ്ഠകൾ നടത്തുമ്പോൾ ആ പ്രതിഷ്ഠകൾക്ക് സ്ഥലകാലനാമത്തിന് അനുയോജ്യമായ രീതിയിൽ നാമകരണങ്ങൾ നൽകിയതും ശ്രദ്ധേയമാണ്.

ഗുരു പ്രതീകാത്മകതയിലേക്ക് കടന്ന് ഉത്തരാർദ്ധ പ്രതിഷ്ഠകൾ നടത്തിയത് 1918ന് ശേഷമാണ്. 1920ൽ തൃശൂർ ജില്ലയിലെ കാരമുക്ക് ക്ഷേത്രത്തിൽ ഒരു ചിദംബരനാഥ പ്രതിഷ്ഠ കൂടി നടത്താൻ ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും 'വെളിച്ചമുണ്ടാകട്ടെ" എന്ന ആശംസകളോടുകൂടി​ വി​ളക്കാണ് പ്രതി​ഷ്ഠി​ച്ചത്. 1922ൽ തിരുവനന്തപുരത്ത് മുരുക്കുംപുഴ ശ്രീകാളകണ്‌ഠേശ്വര ക്ഷേത്രത്തിൽ ഭക്തരുടെ ആവശ്യപ്രകാരം ശിവലിംഗ പ്രതിഷ്ഠ നടത്തിയെങ്കിലും അതോടൊപ്പം ''ഓം സത്യം, ധർമ്മം, ദയ, ശാന്തി" എന്നെഴുതിയ ഒരു പ്രഭ കൂടി പ്രതിഷ്ഠിച്ചു. തുടർന്ന് സമാധിക്ക് മുമ്പായി 1927ൽ 'ഓംശാന്തി" എന്ന് രേഖപ്പെടുത്തിയ കണ്ണാടി കളവങ്കോടത്ത് ഗുരു പ്രതിഷ്ഠിച്ചു. വെച്ചൂർ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലും കണ്ണാടി പ്രതിഷ്ഠിച്ചു. കണ്ണാടിയിൽ നോക്കി സ്വാത്മബോധം നേടാനുള്ള സന്ദേശമാണതിൽ.

എട്ട് തീർത്ഥാടന ലക്ഷ്യങ്ങളിൽപ്പെടുന്ന ശുചിത്വം, കൃഷി എന്നിവയ്ക്ക് കൊറോണ കാലത്ത് ലോകത്തെമ്പാടും വമ്പിച്ച സ്വീകാര്യതയാണ്.. കൊറോണക്കാലത്ത് ലോകമെമ്പാടും വ്യാപിച്ച ശുചിത്വബോധത്തിന്റെ ആവശ്യകതയിലേക്ക് കാലങ്ങൾക്കു മുമ്പേ മുന്നറിയിപ്പ് നൽകിയ ഗുരുവിനെ കാലം തിരിച്ചറിയുന്നു.


(ലേഖകൻ ശിവഗിരി ആക്‌ഷൻ കൗൺസിൽ ആത്മീയകേന്ദ്രം പ്രസിഡന്റാണ്. ഫോൺ ഫോൺ: 9567934095.)