
നെയ്യാറ്റിൻകര: പുറംപോക്കുഭൂമിയിൽ ഒറ്റമുറിവീടുവച്ചു താമസിക്കുകയായിരുന്ന ദരിദ്രകുടുംബത്തെ കോടതി ഉത്തരവു പ്രകാരം പൊലീസ് കുടിയിറക്കാൻ നടത്തിയ ശ്രമത്തിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റ ദമ്പതികൾ മരണത്തിനു കീഴടങ്ങി. നെയ്യാറ്റിൻകര അതിയന്നൂർ നെടുത്തോട്ടം, ലക്ഷം വീട് കോളനിയിൽ താമസിച്ചിരുന്ന ആശാരി പണിക്കാരൻ രാജൻ (47), ഭാര്യ അമ്പിളി(42) എന്നിവരാണ് മരിച്ചത്. സമീപവാസിയായ സ്ത്രീ വ്യാജപട്ടയം ചമച്ചാണ് നെയ്യാറ്റിൻകര കോടതിയിൽനിന്ന് ഒഴിപ്പിക്കൽ ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. തീപിടിക്കാൻ കാരണം പൊലീസാണെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നതിനുപിന്നാലെയാണ് ഞായറാഴ്ച രാത്രി ഒരുമണിയോടെ രാജനും ഇന്നലെ വൈകിട്ടോടെ അമ്പിളിയും മരിച്ചത്.
ഡിസംബർ 22 നു ഉച്ചയ്ക്കാണ് സ്ഥലം ഉടമ എന്ന് അവകാശപ്പെടുന്ന പൊങ്ങിൽ സ്വദേശി വസന്തയും കോടതി ജീവനക്കാരും പൊലീസും ഒഴിപ്പിക്കൽ നടപടിക്കായി രാജന്റെ വീട്ടിൽ എത്തിയത്. ചോറ് കഴിച്ചുകൊണ്ടിരുന്ന കുടുംബത്തോട് വീടുവീട്ടിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. സ്ത്രീ പറയുന്നത് കളവാണെന്നും സ്റ്റേ ഓഡർ ഉടൻ കിട്ടുമെന്നും പറഞ്ഞിട്ടും പൊലീസ് അത് ചെവിക്കൊള്ളാൻ തയ്യാറാകാതെ വന്നപ്പോൾ രാജൻ പെട്രോൾ എടുത്ത് ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എങ്ങനെയെങ്കിലും കോടതി ഒഴിപ്പിക്കൽ നടപടി നിറുത്തിവയ്പിക്കുകയായിരുന്നു രാജന്റെ ലക്ഷ്യം. അതിനിടെ എ.എസ്.ഐ അനിൽകുമാർ രാജന്റെ കൈയിലിരുന്ന ലൈറ്റർ തട്ടിയെടുക്കാൻ ശ്രമിച്ചു. അതോടെ രാജന്റെയും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയുടെയും ദേഹത്ത് തീ കത്തിപ്പടരുകയായിരുന്നു. സംഭവം നടന്ന് 20 മിനിട്ടിനകം ഹൈക്കോടതിയിൽ നിന്നുളള സ്റ്റേ ഓഡർ രാജന്റെ വീട്ടിൽ കിട്ടിയിരുന്നു. പൊലീസ് അതിക്രമം കാട്ടിയില്ലായിരുന്നെങ്കിൽ തീ പിടിക്കില്ലായിരുന്നു എന്നാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജന്റെയും ഭാര്യയുടെയും മൊഴി. എ.എസ്.ഐ അനിൽകുമാർ രാജനോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും ഇളയ മകൻ പൊലീസ് മേലധികാരികൾക്കു നൽകിയ പരാതിയിൽ പറയുന്നു. രാജന്റെ വീട്ടിൽ നടന്ന സംഭവങ്ങളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസ് തിടുക്കംകൂട്ടിയതിനു പിന്നിൽ പൊങ്ങിൽ വസന്തയുടെ സ്വാധീനമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
70 ശതമാനത്തോളം പൊളളലേറ്റ രാജന്റെയും 40 ശതമാനം പൊളളലേറ്റ അമ്പിളിയുടെയും നില ഗുരുതരാവസ്ഥയിലായിരുന്നു. രാജന് ശ്വാസം മുട്ടലും അമ്പിളിക്ക് കിഡ്നി തകരാറും നേരിട്ടിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന രാജന്റെയും സുധ എന്ന് വിളിക്കുന്ന അമ്പിളിയുടെയും മരണത്തോടെ കുട്ടികൾ അനാഥരായി. പൊങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ ദിവാകരന്റെ മകനാണ് രാജൻ. മക്കൾ: രാഹൂൽ രാജൻ, രഞ്ജിത്ത് രാജൻ.