
ആയിരത്തിഇരുനൂറു വർഷങ്ങൾക്കു മുമ്പ് ഇന്നത്തെ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ' കാന്തള്ളൂർ സർവകലാശാല" എന്ന പേരിൽ വലിയൊരു സർവകലാശാല ഉണ്ടായിരുന്നു. ഈ സർവകലാശാലയെ പുതിയ തലമുറയ്ക്ക് ഓർമ്മപ്പെടുത്തുകയാണ് 'കാന്തള്ളൂർ സഭ." ഡിസംബർ 29, 30 തീയതികളിൽ കാന്തള്ളൂർ സഭയുടെ നേതൃത്വത്തിൽ ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി പാർത്ഥിവപുരം അനുശാസന മുറയിൽ 'ചതുർവേദ ക്രമവാര പ്രയോഗവും വേദ സംബന്ധിയായ 'വാക്യാർത്ഥ സദസും" നടത്തുകയാണ്.
മലയാളത്തിലെ ആദ്യത്തെ സർവകലാശാലയാണ് 'കാന്തള്ളൂർ സർവകലാശാല." എ.ഡി. 852ൽ തിരുവനന്തപുരത്തെ വിഴിഞ്ഞം ആസ്ഥാനമായി ഭരിച്ചിരുന്നത് ആയ് രാജവംശമാണ്
'കാന്തള്ളൂർ സർവകലാശാല" സ്ഥാപിച്ചത്. കരമനയാറിന്റെ പോഷകനദി ചുറ്റി ഇന്നത്തെ ചാല കമ്പോളം വരെ ഏകദേശം അഞ്ഞൂറ് ഏക്കറോളം പരന്നുകിടന്നിരുന്ന വലിയ സർവകലാശാലയായിരുന്നു ഉന്നത പഠനകേന്ദ്രമായ കാന്തള്ളൂർ സർവകലാശാല. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പ്രാർത്ഥിക്കാനായി നിർമ്മിച്ചതാണ് ഇന്നത്തെ വലിയശാലയിലെ മഹാശിവക്ഷേത്രം. കാന്തള്ളൂർ സർവകലാശാലയിൽ നിന്നാണ് 'വലിയശാല" എന്ന സ്ഥലപേര് വന്നത്.
ആയുർവേദ ചികിത്സയും ആയോധന കലയും ഗണിതവും ജ്യോതിശാസ്ത്രവും രസതന്ത്രവും ഉൾപ്പെടെ അറുപത്തിനാല് വിഷയങ്ങൾ സർവകലാശാലയിൽ പഠിപ്പിച്ചിരുന്നു. നളന്ദയിൽ പഠിപ്പിക്കാതിരുന്ന ചാർവാക മതം പോലും ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തള്ളൂർ ശാലയിൽ പഠിപ്പിച്ചിരുന്നു. സർവ കലകളും പഠിക്കാൻ കഴിയുന്ന സർവകലാശാല ആയിരുന്നു കാന്തള്ളൂർ സർവകലാശാല. എ.ഡി 853ൽ തേങ്ങാപ്പട്ടണത്തിലെ നാട്ടുരാജാവായി അധികാരമേറ്റ കരിന്തനടുക്കൻ എ.ഡി 866ൽ 'പാർത്ഥിവപുരം സർവകലാശാല" സ്ഥാപിച്ചത് കാന്തള്ളൂർ സർവകലാശാലയുടെ മാതൃകയിലാണെന്ന് ചെമ്പോലയിൽ കുറിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലെ മ്യൂസിയത്തിൽ കാന്തള്ളൂർ സർവകലാശാലയെ കുറിച്ചുള്ള ചെമ്പോല ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്.
1200 വർഷങ്ങൾക്കു മുമ്പുതന്നെ ശ്രീലങ്കയിൽ നിന്ന് കടൽമാർഗം വിഴിഞ്ഞത്തും ധനുഷ്‌കോടി രാമേശ്വരം വഴിയും വിദ്യാർത്ഥികൾ കാന്തള്ളൂർ സർവകലാശാലയിൽ ഉന്നത പഠനത്തിനായി വന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇന്ന് കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്നവർക്ക് പോലും ഇത്രയും വലിയൊരു ചരിത്രപശ്ചാത്തലത്തെ കുറിച്ച് അറിയല്ല. സ്കൂൾ അദ്ധ്യാപകനായ കിഷോർ കല്ലറ സംവിധാനം ചെയ്ത 'എന്നിട്ടും കാന്തള്ളൂർ" എന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് കാന്തള്ളൂർ ശാലയെ കുറിച്ച് ചർച്ചയായത്.