illustration

സംസ്ഥാന രാഷ്ട്രീയത്തിൽ ഈ തിങ്കളാഴ്ച ഒരു സവിശേഷ ദിവസമായിരുന്നു. സംസ്ഥാനമെമ്പാടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേൽക്കുന്ന ചടങ്ങ് എന്നത് കൊണ്ടല്ല. പ്രാദേശിക സർക്കാരുകളെ നയിക്കാൻ പലേടത്തും- തലസ്ഥാന കോർപ്പറേഷനിലടക്കം- സംസ്ഥാനം ഭരിക്കുന്ന ഇടതുജനാധിപത്യ മുന്നണി കൗമാരക്കാരെയടക്കം പരീക്ഷിച്ചത് യാഥാർത്ഥ്യമായ ദിവസമായിരുന്നു ഇന്നലെ. ആലപ്പുഴയിലും മറ്റും സി.പി.എമ്മിനകത്ത് തർക്കങ്ങൾ രൂക്ഷമായിരുന്നത് കാണാതിരിക്കുന്നില്ലെങ്കിലും വിശാലമായി നോക്കുമ്പോൾ സംസ്ഥാനത്താകെ ഇടതുമുന്നണി നേതൃത്വം മെച്ചപ്പെട്ട പ്രതിച്ഛായയുമായി തന്നെയാണ് നിൽക്കുന്നത്.

ഇതേസമയം തന്നെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ മറ്ര് ചിലതും സംഭവിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച തുടങ്ങി തിങ്കളാഴ്ച വൈകുവോളം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾ. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വമോ യു.ഡി.എഫ് നേതൃത്വമോ ഒട്ടും പ്രതീക്ഷിക്കാതിരുന്ന തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ വിറയൽ മാറ്റിയെടുക്കാനുള്ള സാഹസദൗത്യം എന്ന് അതിനെ പലരും വിശേഷിപ്പിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാൻ ഇനി കഷ്ടിച്ച് മൂന്നോനാലോ മാസം ബാക്കിയാവുമ്പോൾ സംസ്ഥാനഭരണം പിടിച്ചെടുക്കുന്നതിന് കോൺഗ്രസിനും യു.ഡി.എഫിനും ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആരംഭിച്ച പരസ്യ വിഴുപ്പലക്ക് കോൺഗ്രസിനകത്ത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാനാകുമോയെന്ന് നോക്കുന്ന ചില നേതാക്കളെ നമുക്കിവിടെ കാണാം. 'ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന് പണ്ട് കേട്ടിരുന്നതിന് സമാനമായ മുദ്രാവാക്യങ്ങളുമായുള്ള ഫ്ലക്സ് ബോർഡുകൾ അത് വിളിച്ചു പറയുന്നു.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലാണ് പ്രശ്നങ്ങൾ കണ്ടെത്തി സംസ്ഥാന കോൺഗ്രസിനെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്. അദ്ദേഹം കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ മുതൽ ഡി.സി.സി പ്രസിഡന്റുമാർ വരെയുള്ളവരുമായും യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായും ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ച നടത്തി ആവലാതികൾ കേട്ടു. തലസ്ഥാനത്ത് മേയറായി സി.പി.എം പരീക്ഷിച്ചത് 21 വയസുള്ള രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയെയാണ്. പത്തനംതിട്ടയിലും കോഴിക്കോട്ടുമെല്ലാം സമാന പരീക്ഷണങ്ങൾക്ക് അവർ മുതിരുന്നു. സി.പി.എമ്മിന്റെ ഈ തീരുമാനങ്ങൾ പുറത്തേക്ക് വരുമ്പോൾ തന്നെയാണ്, താരിഖ് അൻവറിന് മുന്നിലെത്തിയ യുവാക്കളും അല്ലാത്തവരുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിയിലെ കണ്ടുമടുത്ത മുഖങ്ങളെ മാറ്റി യുവാക്കളെയും പുതുമുഖങ്ങളെയും പരീക്ഷിക്കണമെന്ന് അലമുറയിട്ടത്.

കോൺഗ്രസിലും യു.ഡി.എഫിലും ഉയരുന്നത് മുറവിളി മാത്രമാണെന്നും ഇടതുമുന്നണിയിൽ ഇത് പ്രയോഗതലത്തിൽ എത്തുന്നു എന്നതുമാണ് ചിത്രം. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുവമുഖങ്ങളെ പരീക്ഷിക്കണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും ഫലപ്രദമായി പരീക്ഷിക്കാൻ കഴിയുമായിരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് അത് പ്രാവർത്തികമാക്കാനായില്ല എന്നതാണ് നേതൃത്വത്തെ തുറിച്ചു നോക്കുന്ന വിരോധാഭാസം. നിയമസഭാ തിരഞ്ഞെടുപ്പിൽ, വാർദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ നേതാക്കളടക്കം പലരും ഭൈമീകാമുകരായി ഇതിനകം നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എത്ര യുവരക്തങ്ങൾക്ക് നിയമസഭയുടെ പടിചവിട്ടാനാകുമെന്നത് വലിയ ചോദ്യമാണ് !

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ ഭരണം പ്രതീക്ഷിക്കുകയും കേന്ദ്രത്തിൽ സഹമന്ത്രി പദമായിട്ടെങ്കിലും പദവികൾ സ്വപ്നം കാണുകയും ചെയ്തവരുണ്ട്. കേരളത്തിൽ നിന്ന് അരഡസൻ എം.എൽ.എമാരാണ്, എം.എൽ.എ പദവി വലിച്ചെറിഞ്ഞത് ലോക‌്സഭയിലേക്ക് പോകാൻ തയാറെടുത്തത്. എന്നാൽ അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി നരേന്ദ്രമോദിയും ബി.ജെ.പിയും വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ പലരും നിരാശരായി. 2019ൽ വലിയ പദവി സ്വപ്നം കണ്ട് 2017ൽ തന്നെ തട്ടകം ഡൽഹിയിലേക്ക് പറിച്ചുനട്ടത് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. മുളച്ചുപൊന്തുന്ന ഫാസിസത്തിന് തടയിടാനുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് താൻ ഡൽഹിയിലേക്ക് പോകുന്നതെന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 2019ലും അദ്ദേഹം ഫാസിസത്തിനെതിരായ പോരാട്ടം തുടരാനായി പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. അന്ന് കേരളത്തിൽ നടമാടിയ രാഹുൽ തരംഗത്തിൽ ഇടതുമുന്നണി നിലംപരിശായി.

താമസിയാതെ, രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യയിലാകെ നാമാവശേഷമായ കോൺഗ്രസിന് ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നൽ കൊണ്ടാകാം, പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞവർഷം തന്നെ കേരളരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോളിതാ, അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെ നയിക്കാൻ സജ്ജമായി നിൽക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിനേതൃത്വം സൂചനകൾ നൽകുന്നു. അണികളിൽ നിശ്ശബ്ദമായി പുകയുന്ന അമർഷം അവർ ഗൗനിക്കുന്നേയില്ല. തദ്ദേശതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കുഞ്ഞാലിക്കുട്ടിയെ പോലെ പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന സൈദ്ധാന്തിക ന്യായമാണ് ലീഗ് നേതൃത്വത്തിന്റേത്. അതിന് കോൺഗ്രസും നിശബ്ദമായി പച്ചക്കൊടി കാട്ടുന്നു.

കേരളത്തിൽ യു.ഡി.എഫ് തിരിച്ചുവരാമെന്ന തോന്നലിൽ എം.എൽ.എ സ്ഥാനമൊഴിഞ്ഞ് ഡൽഹിക്ക് വണ്ടികയറിയ ചില കോൺഗ്രസ് എം.പിമാരുടെ ഉള്ളിലും അക്കരപ്പച്ച മോഹം ഉദിച്ചുയർന്നതിൽ ആരും അദ്ഭുതപ്പെടുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിന് വളരെമുമ്പേ അവരിൽ പലരും കേരളത്തിൽ മന്ത്രിസ്വപ്നം കണ്ടുതുടങ്ങിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തിൽ തീവ്രത അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷകളാരും അവസാനിപ്പിച്ചിട്ടില്ല. അത്തരക്കാരെ നിരുത്സാഹപ്പെടുത്തണമെന്ന ആവശ്യവും താരിഖ് അൻവറിന് മുന്നിൽ കഴിഞ്ഞ ദിവസം പലരും ഉയർത്തിയെന്നതും ശ്രദ്ധേയം.

തിരിച്ചുവരുമോ?

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള രാഷ്ട്രീയ കേരളത്തിന്റെ അന്തരീക്ഷം തീർത്തും വ്യത്യസ്‌തമാണ്. സ്വർണക്കടത്ത് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇടതുമുന്നണിയെയും അപ്പാടെ തളർത്തിക്കളഞ്ഞ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ. കൊവിഡിന്റെ ആദ്യനാളുകളിൽ മുഖ്യമന്ത്രിയും ഇടതുസർക്കാരും നേടിയെടുത്ത പ്രതിച്ഛായയെ തകർത്തുകളഞ്ഞ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സസ്പെൻഷനും അറസ്റ്റിനുമെല്ലാം ശേഷം കേരളത്തിലുണ്ടായത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസായിരുന്നു മറ്റൊന്ന്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ സർക്കാരിന്റെ ഉറക്കം കെടുത്തിയത് തുടർഭരണം പ്രതീക്ഷിച്ച ഇടതുമുന്നണിയെ വരിഞ്ഞുമുറുക്കിയതായിരുന്നു. എന്നാൽ വികസനപദ്ധതികളിലൂടെ തിരിച്ചുവരാൻ ശ്രമിച്ചുകൊണ്ടിരുന്ന സർക്കാരിന്, തദ്ദേശഫലം നൽകിയത് മികച്ച പിടിവള്ളിയും.

ഇത്രയധികം അനുകൂല സാഹചര്യമുണ്ടായിട്ടും നേട്ടമുണ്ടാക്കാനാകാതെ പോയത് കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിലെ പാളിച്ചകൾ തുറന്നുകാട്ടുന്നത് തന്നെ. അതിലുപരി കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില നിശബ്ദ തരംഗങ്ങളെയും കാണാതിരുന്നുകൂടാ.

സാമൂഹ്യാന്തരീക്ഷം മാറുന്നു

ക്രൈസ്തവ മേഖലയിൽ സാന്നിദ്ധ്യമുറപ്പാക്കാനാവുന്നില്ല എന്നതായിരുന്നു ഇടതുമുന്നണിയെയും സി.പി.എമ്മിനെയും എക്കാലവും അലട്ടിയിരുന്ന പ്രതിസന്ധി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമുണ്ടായിട്ട് കൂടി കോട്ടയം,എറണാകുളം ജില്ലകളിൽ പ്രകടനം അത്രകണ്ട് ഉയർന്നതായില്ല. എന്നാലിപ്പോൾ, കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണിയും കൂട്ടരും യു.ഡി.എഫിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും അവരെ ഇടതുമുന്നണി ആശ്ലേഷിക്കുകയും ചെയ്തതോടെ ചിത്രം മാറ്റിവരയ്‌ക്കപ്പെടുന്നു. പുറമേക്കുള്ള ദൃശ്യം അതാണെങ്കിൽ, അകമേ മറ്റ് ചില ചലനങ്ങൾ നിശബ്‌ദമായി സംഭവിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.

വിദഗ്ദ്ധമായ സോഷ്യൽ എൻജിനിയറിംഗിന് ചെങ്ങന്നൂരിലെ 2018ലെ ഉപതിരഞ്ഞെടുപ്പ് കാലം തൊട്ട് തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അതിപ്പോൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒപ്പം, മുമ്പുണ്ടായിട്ടില്ലാത്ത വിധം കത്തോലിക്കാവിഭാഗക്കാർക്കിടയിൽ മുസ്ലിംലീഗ് വിരോധം ശക്തമാകുന്നുവെന്നത് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലുണ്ടാക്കുന്ന ചലനം ചെറുതല്ല. തുർക്കിയിലെ ഹാദിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കിയതിനെ ന്യായീകരിച്ച് പാണക്കാട് സയ്യിദലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിനെതിരെ ക്രൈസ്തവർക്കിടയിൽ ലീഗ് വിരോധം ആളിക്കത്തിച്ചു. ആ ഘട്ടത്തിൽ ലീഗിനെ കടന്നാക്രമിച്ച സി.പി.എം നേതൃത്വം, ക്രൈസ്തവവികാരം തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് നടത്തിയത്. പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായും വെൽഫെയർ പാർട്ടിയുമായും രഹസ്യബാന്ധവത്തിന് ലീഗ് മുന്നിട്ടിറങ്ങിയതും അതിന് കോൺഗ്രസ് കുടപിടിച്ചു കൊടുത്തതുമെല്ലാം ക്രൈസ്തവരിലെ ലീഗ് വിരുദ്ധരെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ജോസ് കെ.മാണിയെ പുറത്താക്കിയെന്ന പ്രതീതിയുളവായതും പലരെയും മുറിവേല്പിച്ചു. സാമ്പത്തികസംവരണം ഹിന്ദു മുന്നാക്കക്കാരിലെന്നപോലെ ക്രൈസ്തവരിലും ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്.

ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോൾ ധ്രുവീകരണസാദ്ധ്യത പ്രയോജനപ്പെടുത്തി ലോകസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത യു.ഡി.എഫിനെ, ഇടതുമുന്നണി അതേനാണയത്തിൽ തിരിച്ചടിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടു. അഖിലേന്ത്യാതലത്തിലെ കോൺഗ്രസിന്റെ മോശപ്പെട്ട ചിത്രവും തലസ്ഥാന കോർപ്പറേഷനിൽ ബി.ജെ.പിയെ ചെറുക്കാൻ പോലും കോൺഗ്രസിനാവുന്നില്ലെന്ന തോന്നലും ന്യൂനപക്ഷങ്ങളെ മാറിച്ചിന്തിപ്പിച്ചിട്ടുണ്ട്. ലീഗിനൊപ്പമുള്ള സമസ്ത അടക്കമുള്ള മുസ്ലിം വിഭാഗത്തെ അടുപ്പിച്ചു നിറുത്തുന്നതിലും പിണറായിയുടെ സോഷ്യൽ എൻജിനിയറിംഗ് ഫലം കണ്ടു.

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രാദേശികമായി ജനപിന്തുണയുള്ള യുവനേതാക്കളെ കളത്തിലിറക്കാമായിരുന്ന കോൺഗ്രസ് നേതൃത്വം അതിന് മടിച്ചുനിന്നുവെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്തെമ്പാടും ഔദ്യോഗികനേതൃത്വത്തിനെതിരെ വിമത പാരകളുണ്ടായത് ബോധപൂർവമായിരുന്നുവെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. നഗരമദ്ധ്യത്തിൽ പത്ത് വർഷത്തിലേറെയായി ബി.ജെ.പി ജയിച്ചുകൊണ്ടിരിക്കുന്ന വാർഡിൽ, തിരിച്ചുപിടിക്കാൻ കഴിയാവുന്ന യുവാവിനെ മത്സരിപ്പിച്ചിട്ട് പോലും രണ്ടാമതെത്താനാണ് കോൺഗ്രസിന് സാധിച്ചത്. ആ വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , ഇത്തവണ കൂടി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പലരോടും രഹസ്യമായി നിർദ്ദേശിച്ചെന്ന പരാതിയുണ്ട്. ജയിച്ച ബി.ജെ.പി കൗൺസിലർക്ക് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ പിന്നീട് സ്വീകരണവുമൊരുക്കിയത്രെ. രണ്ടാമതെത്തിയത് വലിയ കാര്യമെന്ന് ജില്ലാ നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുന്ന നേതാവ് സ്ഥാനാർത്ഥിയെ വിളിച്ചാശ്വസിപ്പിച്ചതാണ് ആന്റി ക്ലൈമാക്സ് !