psc

പള്ളിക്കൂടത്തിന്റെ പടിവാതിൽ കണ്ടവരുടെയെല്ലാം സ്വപ്നമാണ് സർക്കാരിൽ എന്തെങ്കിലും ഒരു ജോലി. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ധാരാളമുള്ള കേരളത്തിൽ പബ്ളിക് സർവീസ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ എക്കാലവും വലിയ പ്രതീക്ഷയോടെയാണ് അവർ കാണുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നിലയിൽ പി.എസ്.സിക്കു സുപ്രധാന സ്ഥാനമാണുള്ളത്. സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമുള്ള നിയമനങ്ങൾ നടത്തുന്നത് പി.എസ്.സിയാണ്. എന്നാൽ ഒഴിവുകൾ സൃഷ്ടിക്കുന്നതും അത് പി.എസ്.സിയെ അറിയിക്കുന്നതും സർക്കാരാകയാൽ പലപ്പോഴും സർക്കാരിന്റെ നയങ്ങൾക്കും ഇച്ഛയ്ക്കുമനുസരിച്ചാണ് കാര്യങ്ങൾ നടക്കാറുള്ളത്. നിയമനത്തിലെ കാലതാമസത്തിൽ പി.എസ്.സിക്കു സാധാരണഗതിയിൽ പങ്കൊന്നും കാണുകയില്ലെങ്കിലും പഴി കേൾക്കേണ്ടിവരുന്നത് അവർ തന്നെയാകും. കാലത്തിനനുസൃതമായി ഭരണ നടപടികളിലും ചിട്ടവട്ടങ്ങളിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പി.എസ്.സിയിൽ ഇനിയും മാറാൻ പലതുമുണ്ടെന്ന പരാതി നിലനിൽക്കുകയാണ്.

ഒട്ടേറെ തസ്തികകളിലെ നിയമനങ്ങൾക്കായി പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണിപ്പോൾ. അപ്പോഴും പഴയ വിജ്ഞാപനങ്ങളനുസ

രിച്ച് പരീക്ഷയും ഇന്റർവ്യൂവുമൊക്കെ കടന്ന് റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിച്ചവർ അക്ഷമരായി പുറത്തു കാത്തുനില്പുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ മാത്രമേ പി.എസ്.സിക്ക് നിയമന ശുപാർശ നൽകാനാവൂ. അവിടെയാണ് എപ്പോഴും സാധാരണക്കാർ അറിയാത്ത കാര്യങ്ങൾ നടക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ പി.എസ്.സി നിയമനങ്ങൾ കാത്തിരിക്കുന്നവർക്ക് എന്നും വലിയ ഭീഷണിയാണ്. ഏതു സർക്കാരിന്റെ കാലത്തും ഈ ദുഷിച്ച ഏർപ്പാട് നടക്കാറുമുണ്ട്. ഭരണാധികാരികൾ പരസ്യമായി പിൻവാതിൽ നിയമനങ്ങളെ തള്ളിപ്പറയും. രഹസ്യമായി അതിനെ ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രബലമായ പല വകുപ്പുകളിലും സ്ഥാപനങ്ങളിലും കരാർ നിയമനങ്ങൾ നടപ്പു സമ്പ്രദായമായിട്ടുണ്ട്. പത്തും പതിനഞ്ചും വർഷത്തിലധികമായി സർവീസിൽ തുടരുന്ന താത്കാലികക്കാരുണ്ട്. പറ്റിയ അവസരം ലഭിക്കുമ്പോൾ അവരിൽ ഏറെപ്പേരെയും സ്ഥിരപ്പെടുത്തുകയും ചെയ്യും.. ഭരണത്തിന്റെ അവസാന നാളുകളിലാണ് ഈ പ്രവണത അധികമായി കാണുന്നത്. പി.എസ്.സി റാങ്ക് പട്ടിക നിലവിലിരിക്കെ തന്നെ പിൻവാതിലിലൂടെ അതേ തസ്തികകളിൽ സർവീസിൽ കയറിപ്പറ്റുന്നവർ ഏറെയാണ്. രണ്ടു തരത്തിലാണ് ഇതിന്റെ ദോഷം. ഒന്ന്: അർഹത ഉറപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ പുറത്തുതന്നെ നിൽക്കേണ്ടിവരുന്നു. രണ്ട് : അർഹതയില്ലാത്തവരും വേണ്ടത്ര യോഗ്യതയില്ലാത്തവരുമായവർ കടന്നുകൂടുന്നു. പിൻവാതിലിലൂടെ കയറിപ്പറ്റുന്നവർക്ക് പ്രതിബദ്ധതയോ സേവന മനോഭാവമോ വേണ്ടതോതിൽ കാണണമെന്നില്ല. അതിന്റെ ദൂഷ്യം അനുഭവിക്കേണ്ടിവരുന്നത് എപ്പോഴും സേവനങ്ങൾക്കായി അവരുടെ അടുത്തെത്തുന്ന പൊതുജനങ്ങളാകും. ഏതു സർക്കാരിന്റെയും അവസാന കാലത്ത് പിൻവാതിൽ വഴി നിയമനം തരമാക്കിയവരെ കൂട്ടത്തോടെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള വഴിവിട്ട ശ്രമം നടക്കാറുണ്ട്. പലതും പുറത്ത് അറിയുക പോലുമില്ല. പുറം വാതിൽ നിയമനങ്ങൾക്കെതിരെ എപ്പോഴും ശബ്ദമുയർത്തുന്ന ഇപ്പോഴത്തെ സർക്കാരും 'കില" ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അതിനുള്ള നടപടികളെടുത്തത് ഇതിനകം വിവാദമായിട്ടുണ്ട്. തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള 'കില"യിലെ താത്‌കാലികക്കാരായ നിരവധി പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം കഴിഞ്ഞയാഴ്ചയാണു തീരുമാനമെടുത്തത്. ദിവസ വേതനക്കാരും കരാർ ജീവനക്കാരുമെല്ലാം ഈ ഗണത്തിൽ പെടും. താത്‌കാലികക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുള്ളപ്പോഴാണ് ഈ നടപടി. സ്ഥിരം നിയമനം നടത്തേണ്ട തസ്തികയിൽ ഒരിക്കലും താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന വ്യക്തമായ വിധി നിലനിൽക്കുമ്പോൾ 'കില"യിൽ മാത്രമല്ല മറ്റ് നിരവധി സ്ഥാപനങ്ങളിലും അനധികൃത നിയമനങ്ങൾക്ക് അധികൃതർ വഴിതേടുകയാണ്. ഈ സർക്കാർ മാത്രമല്ല രാജ്യത്ത് എല്ലാക്കാലത്തും പിന്തുടർന്നുവരുന്ന ദുഷിച്ച സമ്പ്രദായമാണിത്. കഠിനശ്രമത്തിലൂടെ പി.എസ്.സി പരീക്ഷാ കടമ്പകൾ കടന്ന് അവസാനം റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരുടെ നേരെ കൊഞ്ഞനം കുത്തുന്ന ഈ ഏർപ്പാടിനെതിരെ ഉദ്യോഗാർത്ഥികൾ ബഹളം കൂട്ടാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ വകുപ്പദ്ധ്യക്ഷന്മാർ മനസു വയ്ക്കാത്തതുകൊണ്ടു മാത്രം റദ്ദായിപ്പോകുന്ന റാങ്ക് ലിസ്റ്റുകളുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നുള്ളതാണ് ഓർക്കേണ്ട വസ്തുത. ഒഴിവുകൾ സമയാസമയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് കൂടക്കൂടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഒരിക്കലും ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാറില്ല. അതുപോലെ പി.എസ്.സിയിൽ നടപടികൾ മന്ദഗതിയിൽ നീങ്ങുന്നതും ഉദ്യോഗാർത്ഥികളുടെ ശാപമായി മാറാറുണ്ട്. ഈ ഡിജിറ്റൽ യുഗത്തിന്റെ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. വിജ്ഞാപന തീയതി മുതൽ റാങ്ക് പട്ടിക പുറത്തിറങ്ങുന്നതു വരെ ദീർഘനാളെടുത്താണ് ഇപ്പോൾ നടപടികൾ പൂർത്തിയാവുന്നത്. ഈ സമയം നാലിലൊന്നായി കുറയ്ക്കാനാകും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചാൽ. ഓരോ വർഷവും വൻതോതിൽ നിയമനങ്ങൾ നടത്താറുള്ള ഐ.ടി കമ്പനികളുടെയും ബാങ്കുകളുടെയും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ അങ്ങേയറ്റം ലളിതവും എളുപ്പത്തിൽ പൂർത്തിയാകുന്നതുമാണ്.

സർക്കാർ ഖജനാവിൽ നിന്നു ശമ്പളം നൽകുന്ന എല്ലാവിധ നിയമനങ്ങളും പി.എസ്.സിക്കു കൈമാറണമെന്ന ആവശ്യം പണ്ടേയുള്ളതാണ്. സ്വകാര്യ സ്കൂൾ - കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ല. ശമ്പളവും പെൻഷനും നൽകേണ്ടത് സർക്കാരും. പണ്ടത്തെപ്പോലയല്ല ഇത്തരം ഓരോ നിയമനത്തിന്റെയും പിന്നിൽ മറിയുന്ന ഭീമമായ കോഴപ്പണത്തിന്റെ കണക്ക് സർക്കാരിനും ഊഹമുണ്ടാകാതിരിക്കില്ല. സ്വകാര്യ കോളേജുകളിൽ 721 അദ്ധ്യാപക തസ്തികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയത് കഴിഞ്ഞയാഴ്ചയാണ്. ഇതിലൂടെ മാനേജുമെന്റുകൾക്കുണ്ടാകാൻ പോകുന്ന നേട്ടം എന്താകുമെന്ന് ഊഹിച്ചാൽ മതി. ഒപ്പം തന്നെ ഖജനാവിനുണ്ടാകാൻ പോകുന്ന അധിക ഭാരവും.