കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളം കിട്ടാതെ കഷ്ടത്തിലായിട്ട് ആഴ്ച ഒന്ന് കഴിയുന്നു. തീരദേശ ഗ്രാമമായ ഈ പ്രദേശത്തെ ജനങ്ങൾ വാട്ടർ അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. രണ്ടു മൂന്നു ദിവസം ഇടവിട്ടാണ് ഇവിടെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.

നിരവധി പ്രാവശ്യം വാട്ടർ അതോറിട്ടിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുൻ പഞ്ചായത്ത് അംഗമായ പ്രവീൺചന്ദ്രയും പരാതി പറഞ്ഞിട്ട് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.

കായലിനും കടലിനും ഇടയിൽ കിടക്കുന്ന പ്രദേശമായതിനാൽ കിണറിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാൻ കഴിയില്ല. പലരും തലചുമടായും വാഹനങ്ങളിലുമായി സമീപപ്രദേശങ്ങളിൽ നിന്നും കുടിവെള്ളം കൊണ്ടുവന്നാണ് അത്യാവശ്യങ്ങൾ നിറവേറ്റുന്നത്. പഞ്ചായത്തിലെ നാലുവാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി ആരംഭിച്ച വാക്കുംകുളം കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. പൈപ്പുവഴിയുളള കുടിവെള്ളവിതരണം അഞ്ചുതെങ്ങ് പഞ്ചായത്തിൽ ആവശ്യാനുസരണം എത്തിക്കാൻ വാട്ടർ അതോറിട്ടി ശ്രദ്ധിക്കുകയും മുടങ്ങിക്കിടക്കുന്ന വാക്കുംകുളം കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാരും ശ്രദ്ധിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.