des28c

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ചെയർമാനായി സി.പി.എമ്മിലെ അഡ്വ. എസ്. കുമാരി അധികാരമേറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടപ്രകാരം 11 മണിക്ക് ഹാളിൽ എത്താതിരുന്ന കച്ചേരി വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം എസ്. സുജിയെ വോട്ടെടുപ്പിൽ നിന്നു മാറ്റി നിറുത്തിയാണ് ആ‌ർ.ഒ. രാജീവ് നടപടികൾ പൂർത്തിയാക്കിയത്. താമസിച്ചെത്തിയ അംഗത്തെ മാറ്റി നിറുത്തണമെന്ന് ആവശ്യപ്പെട്ടത് സി.പി.എമ്മിലെ ആർ. രാജുവാണ്. രാജുവിനെ അനുകൂലിച്ച് കോൺഗ്രസിലെ പി. ഉണ്ണികൃഷ്ണനും പ്രതികരിച്ചതോടെയാണ് സുജി ഹാളിനു പുറത്തിറങ്ങി സഹകരിക്കണമെന്ന് ആർ.ഒ നിർദ്ദേശിച്ചു. ബി.ജെ.പി അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും ആർ.ഒ വഴങ്ങിയില്ല.
അഡ‌്വ. എസ്. കുമാരിയെ ചെയർപേഴ്സണായി നിർദ്ദേശിച്ചത് സി.പി.ഐയിലെ അവനവഞ്ചേരി രാജുവാണ്. എസ്. ഷീജ പിൻതാങ്ങി. ബി.ജെ.പിയിലെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി എസ്. ഷീല, ദീപാ രാജേഷിനെ നിർദ്ദേശിച്ചു. ശാന്തകുമാരി പിൻതാങ്ങി. കോൺഗ്രസിൽ നിന്നു രമാദേവിയെയാണ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി വി. മുരളീധരൻ നിർദ്ദേശിച്ചത്. ശങ്കർ.ജി പിൻതാങ്ങി. 31 അംഗ കൗൺസിലിൽ എസ്. കുമാരിയ്ക്ക് 18 വോട്ടും രമാദേവിക്ക് 6 വോട്ടും ദീപാരാജേഷിന് 6 വോട്ടുമാണ് ലഭിച്ചത്.
യാദൃശ്ചികമായാണെങ്കിലും അഭിജിത് മുഹൂർത്തമായ 12.12 നായിരുന്നു കുമാരി ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്തത്. കൗൺസിൽ ഹാളിൽ എത്തിയ അഡ്വ. ബി.സത്യൻ എം.എൽ.എ ആർ.ഒയുടെ അനുവാദത്തോടെ കുമാരിയെ അനുമോദിച്ചു. കൗൺസിലിനെ ചെയർപേഴ്സൺ അഭിസംബോധന ചെയ്തു. നഗരത്തിന്റെ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്ന കുമാരിയുടെ അഭ്യർത്ഥന കരഘോഷത്തോടെയാണ് കൗൺസിൽ സ്വീകരിച്ചത്. ഉച്ചയ്ക്ക് 2 ന് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാനായി സി.പി.എമ്മിലെ ജി. തുളസീധരൻ പിള്ളയെ തിരഞ്ഞെടുത്തു. ബി.ജെ.പിയിൽ നിന്നു എസ്. സന്തോഷും കോൺഗ്രസിൽ നിന്നു കെ.ജെ.രവികുമാറുമാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്.