
തിരുവനന്തപുരം: പരസ്പരം പാരവച്ചും ഗൂഢാലോചന നടത്തിയും കോൺഗ്രസ് നേതൃത്വത്തിലുള്ളവരെ ഗ്രൂപ്പ് താല്പര്യങ്ങൾക്കായി ഏത് വഴിവിട്ട മാർഗ്ഗവും സ്വീകരിച്ച് തകർക്കുമെന്ന് കരുണാകരന്റെയും ആന്റണിയുടെയും കാര്യത്തിൽ കേരളജനത കണ്ടതാണെന്നും അവർക്കെതിരെയുണ്ടായത് ഇപ്പോൾ മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മന്ത്രി എ.കെ. ബാലൻ പ്രസ്താവിച്ചു.
വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാലം മുതൽ മുല്ലപ്പള്ളിയെ നേരിട്ടറിയാം. കോൺഗ്രസിന്റെ ഏതെങ്കിലും ചേരിയിൽ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് കരുണാകരൻ കോൺഗ്രസിൽ ഒറ്റപ്പെട്ട സമയത്ത് കോഴിക്കോട് സ്വീകരണം കൊടുക്കുന്നതിന് മുല്ലപ്പള്ളിയാണ് മുന്നിൽ നിന്നത്. കോൺഗ്രസിന്റെ ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് കോൺഗ്രസിനെ നശിപ്പിക്കാൻ മുല്ലപ്പള്ളി ശ്രമിച്ചുവെന്നാരും പറയില്ല.
ജമാ അത്തെയുമായുള്ള ബന്ധത്തിൽ കോൺഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമായി പറഞ്ഞതുകൊണ്ട് പഴയ അതേ ശക്തികൾ മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ ഇടപെടുകയാണ്. കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തോട് സാധാരണ കോൺഗ്രസുകാർക്ക് പരമ പുച്ഛമാണ്. അതിന്റെ ഭാഗമായാണ് പട്ടാമ്പി നഗരസഭയിൽ ആറ് കോൺഗ്രസ് വിമതർ എൽ.ഡി.എഫിനൊപ്പം വന്നതും ആദ്യമായി പട്ടാമ്പി നഗരസഭയിൽ എൽ.ഡി.എഫ് ഭരണം പിടിച്ചതും എന്നും മന്ത്രി പറഞ്ഞു.