sfi

തിരുവനന്തപുരം: 'പഠിക്കുക, പോരാടുക" എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച സ്റ്റുഡന്റസ് ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്ക് (എസ്.എഫ്.ഐ) നാളെ 50 വയസ്. 1970 ഡിസംബർ 30ന് കേരളത്തിൽ രൂപീകരിച്ച എസ്.എഫ്.ഐ‌ക്ക് 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം" എന്ന സന്ദേശം ആലേഖനം ചെയ്ത ശുഭ്ര പതാക അംഗീകരിച്ചതും ഇതേ ദിവസമാണ്.

അഞ്ചു പതിറ്റാണ്ടത്തെ പ്രവർത്തന കാലയളവിനിടയിൽ നിരവധി സമരങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും സംഘടന നേതൃത്വം വഹിച്ചു. ഇന്നത്തെ സി.പി.എം നേതാക്കളിൽ ഏറെപ്പേരും എസ്.എഫ്.ഐയിലൂടെയാണ് കടന്നുവന്നത്. എസ്.എഫ്.ഐ സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡന്റായ ജി. സുധാകരൻ മന്ത്രിയാണ്. സി.പി. അബൂബേക്കറാണ് ആദ്യ സെക്രട്ടറി.

സ്ഥാപക ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നിർമ്മിച്ച അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 30ന് സ്ഥാപക ദിനമായി ആചരിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 31ന് വൈകിട്ട് മൂന്നിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും. എസ്.എഫ്.ഐയുടെ പൂർവകാല ഭാരവാഹികളുടെ സംഗമവും ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും നടക്കും.