ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ നേതൃസ്ഥാനം വഹിക്കാൻ അഡ്വ. എസ്. കുമാരി എത്തുന്നത് ഇത് രണ്ടാംതവണയാണ്. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കുമാരി ഏറെ കഷ്ടപ്പാടുകൾക്കിടയിലൂടെ നിശ്ചയ ദാർഢ്യവും വിദ്യാഭാസവും മാത്രം കൈമുതലായി കരുതിയാണ് നഗര മാതാവെന്ന സ്ഥാനം രണ്ടാം അലങ്കരിക്കുന്നത്.
സാധുജനങ്ങളെയും വനിതകളെയും സഹായിക്കുന്ന ഒരു വക്കീലും നല്ലൊരു ജൈവ പച്ചക്കറി കർഷകയുമാണ് കുമാരി. അച്ഛൻ ഉപേക്ഷിച്ചു പോയ നാലു മക്കളെ മലക്കറി കച്ചവടം നടത്തി ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ട് പോറ്റാൻ കഷ്ടപ്പെടുന്ന അമ്മയെ കണ്ടു വളർന്ന കുഞ്ഞു കുമാരിക്ക് അന്ന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി നേടണമെന്ന്. എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ മുതൽ ട്യൂഷൻ എടുക്കാൻ പോയി. അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് പഠിച്ചു. ആറ്റിങ്ങൽ കോളേജിൽ ബി. കോമിന് പഠിക്കുമ്പോഴാണ് രാഷ്ട്രിയ പ്രവർത്തനം അരംഭിച്ചത്.

എസ്.എഫ്.ഐയുടെ ക്ലാസ് റെപ്രസന്റേറ്റീവായി. 1987ൽ കഴിഞ്ഞ ചെയർമാൻ എം. പ്രദീപ് അന്നത്തെ 17 ാം വാർഡ‌ിൽ മത്സരിക്കാനെത്തുമ്പോഴാണ് രാഷ്ട്രീയത്തിൽ കൂടുതൽ ആകൃഷ്ടയാകുന്നത്. പിന്നീട് സി.പി.എമ്മിന്റെ സജീവ പ്രവർത്തകയായി. 2002ൽ അഭിഭാഷകമായി ആറ്റിങ്ങൽ ബാറിലെത്തി.

2010ലെ തിരഞ്ഞെടുപ്പിൽ തച്ചൂർക്കുന്ന് വാർഡിൽ നിന്നും വിജയിച്ച് ചെയർപേഴ്സണായി. ഒരു ടേൺ മാറിനിന്ന ശേഷം ഇപ്പോൾ തച്ചൂർക്കുന്ന് വാർഡിൽ നിന്നു തന്നെ വിജയിച്ച് വീണ്ടും ചെയർപേഴ്സണാകുകയാണ് അവനവഞ്ചേരി കരിച്ചിയിൽ ഹരിനാരായണത്തിൽ എസ്. കുമാരി എന്ന 53 കാരി.
സുശീലയാണ് അമ്മ. ആറ്റിങ്ങലിലെ ഒരു ടെക്സ്റ്റയിൽസിലെ ജീവനക്കാരനായ പ്രലോഭകുമാറാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർത്ഥിയായ ഹരിനാരായണൻ ഏക മകനാണ്. വത്സല, ഭാസി, ശിവപ്രസാദ് എന്നിവർ സഹോദരങ്ങളാണ്.