photo

പാലോട്: നന്ദിയോട്, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സ്ത്രീകൾക്ക് ആശ്രയമായിരുന്ന നന്ദിയോട് കാലൻ കാവിലെ നെയ്ത്തു കേന്ദ്രം അധികാരികളുടെ അവഗണനയിൽ നാശത്തിന്റെ വക്കിൽ. 1983ൽ സംസ്ഥാന ഖാദി ബോർഡിന്റെ ഉടമസ്ഥതയിൽ നൂറിലധികം സ്ത്രീ തൊഴിലാളികൾ ഉപജീവനമാർഗം കണ്ടെത്തിയ നെയ്ത്തു കേന്ദ്രമാണ് അവഗണനയിൽ നശിക്കുന്നത്. തുടങ്ങുമ്പോൾ നെയ്ത്തും നൂൽനൂൽപ്പും ഉൾപ്പെടെ രണ്ടു കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്.

ഒരു ദിവസം പകലന്തിയോളം ജോലി ചെയ്താൽ ലഭിക്കുന്ന കൂലി 60 രൂപയോളമാണ്. ശമ്പളത്തിൽ യാതൊരു മാറ്റവും വരുത്താൻ അധികാരികൾ തയ്യാറാകാതിരുന്നതിനാൽ പലരും മറ്റ് ജോലികൾ അന്വേഷിച്ചു പോയി. അതോടെ നെയ്ത്തു കേന്ദ്രം നശിക്കാൻ തുടങ്ങി. തുടർന്ന് നെയ്ത്തു ശാല പൂട്ടി. നൂൽനൂൽപ്പ് കേന്ദ്രം ഇപ്പോഴും ഉണ്ടെങ്കിലും നാമമാത്രമായ തൊഴിലാളികളാണ് ഇപ്പോഴുള്ളത്. കുറഞ്ഞ വേതനവും, പൊട്ടിപ്പൊളിഞ്ഞ കെട്ടിടവും കത്താത്ത വൈദ്യുതി വിളക്കുകളും, കാടുകയറി നശിച്ച പരിസരവുമാണ് തൊഴിലാളികളെ പൂർണമായും ഈ കേന്ദ്രത്തിൽ നിന്ന് അകറ്റിയത്. മാറി മാറി വരുന്ന സർക്കാരുകൾ ഈ കേന്ദ്രത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഖാദി കേന്ദ്രം തുടങ്ങിയ നാൾ മുതൽ ജോലിക്കെത്തുന്ന തൊഴിലാളികളും ഇവിടെയുണ്ട്. ഇനിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും അപേക്ഷ.