
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനിടെ ബി.ജെ.പി കൗൺസിലറെ പുറത്താക്കിയതിനെച്ചൊല്ലി വാക്കേറ്റം. രാവിലെ 11 മുതൽ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള ഫോറം ആർ.ഒ വിതരണം ചെയ്‌തു. ഇതിനു മുമ്പുതന്നെ കൗൺസിലിൽ എത്തിയവരുടെ ഹാജർ രേഖപ്പെടുത്തിയിരുന്നു. 11.03 ആയപ്പോഴേയ്ക്കാണ് ബി.ജെ.പിയുടെ കൗൺസിലറായ പുതുമുഖം എസ്. സുജി എത്തിയത്. ഒപ്പിടാനായി ഹാജർ രജിസ്റ്റർ ആർ.ഒയുടെ മുന്നിൽ നിന്നും എടുത്ത് നൽകാൻ തുടങ്ങുമ്പോൾ സി.പി.എമ്മിലെ രാജു തടസവാദവുമായി എഴുന്നേറ്റു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം 11നുശേഷം എത്തുന്ന കൗൺസിലർമാർക്ക് വോട്ടിടാനുള്ള അവകാശമില്ലെന്നായിരുന്നു രാജുവിന്റെ വാദം. ഇതിനിടെ എൽ.ഡി.എഫും കോൺഗ്രസും ഒരുവശത്തും ബി.ജെ.പി അംഗങ്ങൾ മറുവശത്തുമായി വാക്കേറ്റമുണ്ടായി. തുടർന്ന് വൈകിയെത്തിയ കൗൺസിലർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവാദമില്ലെന്നും അവർ ഹാളിന് പുറത്തുപോകണമെന്നും വരണാധികാരി ആവശ്യപ്പെട്ടതോടെ വീണ്ടും ബഹളമായി. ജീവനക്കാർ കൗൺസിലറെ പുറത്താക്കി കതകടച്ച ശേഷമാണ് വോട്ടിംഗ് അരംഭിച്ചത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞയ്ക്കും ശേഷം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചതോടെ പ്രശ്‌നം വഷളായി. ഒടുവിൽ ആർ.ഒ നിയമാവലി കാണിച്ച് പ്രതിഷേധം അവസാനിപ്പിച്ചത്.
ജയിലിലെ ഉദ്ഘാടനം
വൈകിയെന്ന് കൗൺസിലർ
ആറ്റിങ്ങൽ സബ് ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷയായിരുന്നു. എന്റെ വാർഡിലെ ആദ്യ പരിപാടിയായിരുന്നു ഇത്. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടനം എം.എൽ.എ വരാൻ താമസിച്ചതുകൊണ്ട് 10.30നാണ് തുടങ്ങിയത്. കൗൺസിലിൽ എത്തണമെന്ന് പറഞ്ഞപ്പോൾ എം.എൽ.എ നിർബന്ധിപ്പിച്ചാണ് ചടങ്ങിൽ ഇരുത്തിയത്. കൃത്യം 11ന് തന്നെ ഹാളിൽ പ്രവേശിച്ചെങ്കിലും ഇക്കാര്യം പരിഗണിക്കാതെ ഹാളിൽ നിന്നും തന്നെ പുറത്താക്കുകയായിരുന്നു. പാർട്ടിയുമായി ആലോചിച്ച് പരാതി നൽകും
എസ്. സുജി, കച്ചേരി, വാർഡ് കൗൺസിലർ