
കിളിമാനൂർ: വായിച്ചു വളർന്നാൽ വിളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അക്ഷരാർത്ഥത്തിൽ സാദ്ധ്യമാക്കാൻ തയ്യാറെടുക്കുകയാണ് കിളിമാനൂർ - തകരപ്പറമ്പിലെ ഒരു കൂട്ടം ചെറുപ്പക്കാർ.
അദ്ധ്യാപകരും കൂലിപ്പണിക്കാരും വിദ്യാർത്ഥികളുമടക്കം ഒരു വലിയ സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് തകരപ്പറമ്പ് സംസ്കൃതി സാംസ്കാരിക കേന്ദ്രം. വീടും പരിസരവും ശുചിയാകുന്നതിനൊപ്പം രോഗമില്ലാത്ത ഒരു സമൂഹത്തിന് മാനസികാരോഗ്യമേകി വായനയെന്ന ലഹരിയിലേക്ക് നാടിനെ നയിക്കുന്നതിനുമായാണ് കൂട്ടായ്മ സ്ക്രാപ്പ് ചലഞ്ച് എന്ന പുത്തൻ ആശയത്തിന് തുടക്കമിട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ക്ലബിലെ പ്രവർത്തകർ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി പഴകിയതും ഉപയോഗശൂന്യമായതും, പറമ്പിൽ വലിച്ചെറിഞ്ഞതുമായ സ്ക്രാപ്പുകൾ ശേഖരിക്കുന്ന തിരക്കിലാണ്. ഇവ വിറ്റ് കിട്ടുന്ന പണം കൊണ്ട് നിലവിലെ ലൈബ്രറിയെ വിപുലപ്പെടുത്തണം. ഇതാണ് ഇപ്പോഴത്തെ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബിനുള്ള യുവ ജനക്ഷേമബോർഡിന്റെ ജില്ലാതല അവാർഡ്, കേരളോത്സവത്തിൽ പഞ്ചായത്തിലെ ചാമ്പ്യൻമാർ, ബ്ലോക്ക് ജില്ലാതലങ്ങളിൽ മികച്ചവിജയം ഇങ്ങനെ നേട്ടങ്ങളുടെ പട്ടികതന്നെ ഇക്കാലത്തിനിടയിൽ നേടിയെടുത്തു.