s

തിരുവനന്തപുരം: ആവേശം വാനോളമുയർന്ന നിമിഷങ്ങൾക്കാണ് തലസ്ഥാനം ഇന്നലെ സാക്ഷ്യംവഹിച്ചത്. മേയറായി ആര്യയെ സ്ഥാനമേൽക്കുന്നത് കാണാൻ നൂറുകണക്കിനുപേരാണ് നഗരസഭയിലും പരിസരത്തും ഇന്നലെ തടിച്ചുകൂടിയത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ കൗൺസിൽ ഹാളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. 11ന് തന്നെ നഗരസഭ അങ്കണം തിരക്കിലായി. മേയറുടെ വോട്ടെടുപ്പിനുശേഷം 12.45ന് വോട്ടെണ്ണൽ ആരംഭിച്ചു. 12.50ന് ആര്യയെ പുതിയ മേയറായി തിരഞ്ഞെടുത്തതതായി കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ,​ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ​മുൻ മേയർമാരായിരുന്ന വി. ശിവൻകുട്ടി,​കെ. ശ്രീകുമാർ,​ കെ. ചന്ദ്രിക, ​സി. ജയൻബാബു,​ വി.കെ. പ്രശാന്ത് എം.എൽ.എ,​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം,​ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്,​ നേതാക്കളായ ജി.ആർ. അനിൽ, ​ആര്യയുടെ മാതാപിതാക്കളായ രാജേന്ദ്രൻ, ശ്രീലത എന്നിവരുടെ അടുത്തെത്തി സന്തോഷം പ്രകടിപ്പിച്ച് ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്‌തു. നഗരസഭാ സെക്രട്ടറി കെ.യു. ബിനി പുതിയ മേയറെ അഭിനന്ദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുൻ മേയർമാരായിരുന്ന വി.കെ. പ്രശാന്ത് എം.എൽ.എ,​ കെ. ശ്രീകുമാർ എന്നിവരോ‌ടൊപ്പം മേയറുടെ ഓഫീസ് മുറിയിലെത്തി. തുടർന്ന് ചരിത്രം കുറിച്ച് തലസ്ഥാനത്തിന്റെ പുതിയ മേയർ ഇരിപ്പിടത്തിലേക്ക്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. മേയറുടെയും ജില്ലാ കളക്ടറുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയറായി പി.കെ. രാജുവിനെ തിരഞ്ഞെടുത്തു. തുടർന്ന് മേയറും ഡെപ്യൂട്ടി മേയറും എൽ.ഡി.എഫ് കൗൺസിലർമാരും പ്രവർത്തകരും നഗരസഭ മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി. പുതിയ മേയർക്ക് അഭിവാദ്യമർപ്പിക്കാൻ റോഡിന് ഇരുവശത്തും നഗരവാസികൾ കാത്തുനിന്നു.