കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കല്ലറ ലോക്കൽ കമ്മിറ്റി രംഗത്ത്. മുതുവിള വാർഡിൽ നിന്ന് വിജയിച്ച ലിസിയെ പ്രസിഡന്റാക്കാനാണ് ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്നും വെള്ളംകുടി വാർഡിൽ നിന്ന് വിജയിച്ച കെ. ഷീലയെ പ്രസിഡന്റാക്കണമെന്നുമാണ് കല്ലറ ലോക്കൽ കമ്മിറ്റിയുടെ ആവശ്യം. ഇക്കാര്യം ഏരിയാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചപ്പോഴാണ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കം സി.പി.എമ്മിന് തലവേദനയായത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പഞ്ചായത്തിൽ ഒരുവിധ സ്ഥാനങ്ങളും സ്വീകരിക്കേണ്ടെന്ന് ലോക്കൽ കമ്മിറ്റി തീരുമാനിച്ചെന്നാണ് വിവരം. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചെന്നും സൂചനയുണ്ട്.