
തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ പത്ത്, പ്ളസ് ടു ക്ളാസുകളിലെ കുട്ടികൾ സ്കൂളിലെത്തുമ്പോൾ കൊവിഡ് വ്യാപനം ഉണ്ടാവാതിരിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മുന്നറിയിപ്പ്. കുട്ടികൾ മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുത്. സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. പേന, പെൻസിൽ, കുടിവെള്ളം എന്നിവ കൈമാറരുത്. യു ട്യൂബിലൂടെയാണ് മന്ത്രി സന്ദേശം നൽകിയത്. തുടർച്ചയായ മൂല്യനിർണയം വളരെ ശ്രദ്ധിച്ചു ചെയ്യണം. ഓൺലൈൻ ക്ളാസ് വഴി കുട്ടികൾ പഠിച്ചതും ക്ളാസുകളിൽ ഇനി നേരിട്ട് പഠിക്കുന്നതുമായ കാര്യങ്ങൾ ചെറിയ രീതിയിൽ പരീക്ഷിച്ച് വിലയിരുത്തണം. അതിലെ പ്രധാന ഭാഗങ്ങൾ റിവിഷൻ നടത്തണം.
എല്ലാ പാഠഭാഗങ്ങളും വായിക്കാനും കേൾക്കാനും കുട്ടികളെ പ്രേരിപ്പിച്ച് പ്രധാന ഭാഗങ്ങളിൽ ഫോക്കസ് ചെയ്ത് കുട്ടികളെ പഠനത്തിലേക്ക് നയിക്കാനാവണം. പ്രാക്ടിക്കലും ഇതുപോലെ ചെയ്യണം.അദ്ധ്യാപകർ കുട്ടികളിൽ ആത്മവിശ്വാസം നിറയ്ക്കണം. ഓൺലൈൻ വഴിയുള്ള ക്ളാസുകൾ കുട്ടികൾ കൂടുതൽ തവണ കേൾക്കണം. എല്ലാ ചോദ്യങ്ങളും വായിച്ച് ആത്മവിശ്വാസത്തോടെ വേണം കുട്ടികൾ പരീക്ഷ എഴുതേണ്ടത്.