കല്ലറ: രണ്ട് ദിവസം കല്ലറ ബസ്റ്റാൻഡിനടുത്ത് കിടന്ന സ്വർണമാല വീട്ടമ്മയുടെ സത്യസന്ധതയിൽ ഉടമസ്ഥയ്ക്ക് തിരികെ കിട്ടി. തച്ചോണം തെക്കുംകര പുത്തൻവീട്ടിൽ ബാബുവിന്റെ ഭാര്യ ഷൈലജയാണ് തനിക്ക് കിട്ടിയ 3 പവന്റെ മാല പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമസ്ഥയ്ക്ക് കൈമാറിയത്. കല്ലറ പാറമുകൾ വീട്ടിൽ അരുണിമയുടെ മാല 24നാണ് നഷ്ടപ്പെട്ടത്. പോത്തൻകോട്ട് ജോലിസ്ഥലത്ത് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. കല്ലറ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഷൈലജയ്ക്ക് മാല കിട്ടിയത്. ഓട്ടോഡ്രൈവറായ ഭർത്താവ് ബാബുവിനോട് വിവരം പറയുകയും ഇദ്ദേഹം വാർഡ് അംഗം കെ. ഷീലയെ വിവരമറിയിക്കുകയുമായിരുന്നു. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മാല പാങ്ങോട് സി.ഐ എൻ. സുധീഷിന് കൈമാറി. മാല നഷ്ടപ്പെട്ട വിവരം പരാതിയായി ലഭിച്ചതിനാൽ ഉടമയെ കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.