
കല്ലറ: കുരുങ്ങിയ നൂൽ പോലെ അഴിക്കാൻ പറ്റാതെ നൂൽ നിർമ്മാണ യൂണിറ്റ്. കല്ലറ പാറ മുകളിൽ ഖാദി ബോർഡ് ആരംഭിച്ച നൂൽ നിർമാണ യൂണിറ്റാണ് അടഞ്ഞു കിടക്കുന്നത്.
തുടങ്ങിയപ്പോൾ പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷയായിരുന്നു. കുറെ പേർക്ക് തൊഴിലും സ്ഥിര വരുമാനവും ലഭിക്കുമെന്ന് അവർ സ്വപ്നം കണ്ടു. കുറച്ചു പേർക്ക് തൊഴിൽ കിട്ടി. പക്ഷേ കൂലി തുച്ഛമായിരുന്നു. മാത്രവുമല്ല മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ജോലി ചെയ്തതിനാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പലർക്കും ശ്വാസകോശ രോഗങ്ങൾ പിടിപെട്ടു. കിട്ടുന്ന കൂലി മരുന്നിനു പോലും തികയാതായപ്പോൾ ഓരോരുത്തരായി ജോലി ഉപേക്ഷിച്ചു. വെള്ളംകുടി വാർഡിലെ പാറമുകളിലാണ് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് ഭൂമിയും നൂൽ നിർമ്മാണ യൂണിറ്റിനുള്ള കെട്ടിടവുമുള്ളത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തനം നടന്നെങ്കിലും ഓരോവർഷം കഴിയുന്തോറും പ്രവർത്തനം കുറഞ്ഞുവന്നു. 20 വർഷം മുൻപ് പ്രവർത്തനം പൂർണമായും നിലച്ചു. ഇപ്പോൾ ലക്ഷങ്ങൾ വിലവരുന്ന ഭൂമിയും കെട്ടിടവും കാടുകയറി നശിക്കുന്നു. വ്യക്തമായ ആസൂത്രണം ഇല്ലാത്തതും പരിശോധന സംവിധാനങ്ങൾ ഇല്ലാത്തതുമാണ് യൂണിറ്റിന്റെ തകർച്ചയ്ക്ക് വഴി വച്ചത്.
ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിക്കാനോ പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനോ അധികൃതർ തയ്യാറായെങ്കിൽ ഭൂമിയും കെട്ടിടവും പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നു .ഈ കെട്ടിടവും ഭൂമിയും തൊഴിൽ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.