
 സി.സി ടിവി ദൃശ്യങ്ങളിൽ തീപ്പന്തവുമായി അജ്ഞാതൻ
ആറ്റിങ്ങൽ: കിഴക്കേ നാലുമുക്ക് പാർവതീപുരം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തിൽ രണ്ട് വീടുകളും കടകളും കത്തിനശിച്ചു. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 12.45ഓടെയാണ് വീടുകളിലേക്ക് തീപടർന്നത്. വിവരമറിഞ്ഞ് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വർക്കല, കഴക്കൂട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പഴക്കമുള്ള കെട്ടിടങ്ങളുടെ മേൽക്കൂരയും ഓടും തടികൊണ്ടുള്ള തട്ടുകളുമെല്ലാം കത്തിനശിച്ചു. രാജശേഖരൻ നായരുടെ രുക്മിണി നിവാസ്, കൃഷ്‌ണമൂർത്തിയുടെ പത്മാവതി വിലാസം എന്നീ വീടുകളാണ് നശിച്ചത്. പത്മാവതി വിലാസത്തിൽ ആൾ താമസം ഉണ്ടായിരുന്നു. നാട്ടുകാർ ബഹളം വയ്ക്കുന്നതുകെട്ട് ഇവിടുള്ളവർ ഉണർന്നതിനാൽ വൻ ദുരന്തം ഒഴിവായി. ടാർപാളിൻ കൊണ്ട് നിർമ്മിച്ച അയ്യപ്പന്റെ പച്ചക്കറിക്കടയും വിനോദിന്റെ വഴിയോര തുണിക്കടയും പൂർണമായും കത്തിയമർന്നു. വീട്ടിലെ വൈദ്യുത സർക്യൂട്ടിൽ നിന്നോ സമീപത്തെ വഴിയോരക്കച്ചവട ശാലക്കുള്ളിൽ നിന്നോ തീ പടർന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ സംഭവത്തിന് മുമ്പ് തീപന്തവുമായി ഇതുവഴി നടക്കുന്നതായി കണ്ടെത്തി. ഇയാളിൽ നിന്നാണോ തീ പടർന്നതെന്നും സംശയിക്കുന്നുണ്ട്.