1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ പി.കെ. രാജ്മോഹനെയും വൈസ് ചെയർപേഴ്സണായി പ്രിയാ സുരേഷിനെയും തിരഞ്ഞെടുത്തു. നെയ്യാറ്റിൻകര നഗരസഭ കൗൺസിൽ ഹാളിൽ സർവേ ആൻഡ് ലാന്റ് റെക്കാഡ്സ് ( റീസർവേ ), നെയ്യാറ്റിൻകര അസി. ഡയറക്ടറും നഗരസഭ തിര‍ഞ്ഞെടുപ്പിന് വരണാധികാരിയുമായിരുന്ന പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് രണ്ട് റൗണ്ടായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ റൗണ്ടിൽ എൽ.ഡി.എഫിലെ രാജ്മോഹനന് 18 വോട്ടും യു.ഡി.എഫിലെ ജോസ് ഫ്രാങ്ക്ളിന് 16 വോട്ടും എൻ.ഡി.എയിലെ ഷിബുരാജ് കൃഷ്‌ണന് 9 വോട്ടും ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ച ഷിബുരാജ് കൃഷ്‌ണയെ ഒഴിവാക്കി രണ്ടാം റൗണ്ട് നടത്തി. 16നെതിരെ 18 വോട്ടുകൾ നേടിയ രാജ്മോഹനനെ ചെയർമാനായി വരണാധികാരി പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹത്തെ സത്യപ്രതിജ്ഞയ്‌ക്കായി ക്ഷണിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പ്രിയാസുരേഷ്, യു.ഡി.എഫിലെ ആർ. അജിത, എൻ.ഡി.എയിലെ കെ.എസ്. അജിത എന്നിവർ തമ്മിലായിരുന്നു ആദ്യ റൗണ്ട് മത്സരം. എൽ.ഡി.എഫിന് 18 വോട്ടും യു.ഡി.എഫിന് 17 വോട്ടും എൻ.ഡി.എക്ക് 9 വോട്ടും ലഭിച്ചതോടെ രണ്ടാം റൗണ്ട് മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങി. കുറഞ്ഞ വോട്ടുകൾ നേടിയ കെ.എസ്. അജിതയെ ഒഴിവാക്കി രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തി. 18 വോട്ടുകൾ ലഭിച്ച കേരള കോൺഗ്രസിലെ (എം) പ്രിയാസുരേഷിനെ വിജയിയായി പ്രഖ്യാപിച്ചു. പ്രിയാ സുരേഷിന് ചെയർമാൻ പി.കെ. രാജ്മോഹനൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചെയർമാൻ തിരഞ്ഞെടുപ്പിന്റെ രണ്ട് റൗണ്ടിലുമായി ഓരോ യു.ഡി.എഫ് അംഗങ്ങളുടെ വോട്ട് അസാധുവായി.