d

തിരുവനന്തപുരം :പ്രതീക്ഷയുടെ മറ്റൊരു വർഷം കൂടി പടികടന്നെത്തുമ്പോൾ പുതുവർഷത്തെ വരവേൽക്കാൻ ആഘോഷങ്ങളൊരുക്കുന്നത് നഗരത്തിലെ പകുതിയോളം ഹോട്ടലുകളിൽ മാത്രം. കൊവിഡ് മാനദണ്ഡപ്രകാരം ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിയമം ഉള്ളതിനാലാണ് പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പല ഹോട്ടലുകളും മടിക്കുന്നത്. എന്നാൽ ലൈവ് മ്യൂസിക് പ്രോഗ്രാമുകൾ ഒരുക്കി കുടുംബങ്ങളെ പ്രതീക്ഷിച്ച് നഗരത്തിലെ ചില ഹോട്ടലുകൾ ന്യൂ ഈയർ പാർട്ടി ഒരുക്കിയിട്ടുണ്ട്.ചില ഹോട്ടലുകൾ ന്യൂ ഈയർ ആഘോഷം നടത്തണോ എന്നതിനെക്കുറിച്ച് ഇനിയും തീരുമാനിച്ചിട്ടില്ല. ഡി.ജെ.പാർട്ടി സംഘടിപ്പിക്കാൻ അനുവാദമില്ലാത്തതും പുതുവത്സര പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിഘാതമായിട്ടുണ്ട്. നഗരത്തിലെ പ്രധാന ഹോട്ടലുകളായ മസ്‌കറ്റ്, സൗത്ത് പാർക്ക്, എസ്.പി ഗ്രാൻഡ് ഡേയ്സ് എന്നിവിടങ്ങളിൽ പുതുവർഷ പരിപാടികൾ നടത്തുന്നില്ല. എന്നാൽ പരിമിതമായ ആൾക്കാരെ മാത്രം ഉൾപ്പെടുത്തി ഹൈസിന്ത്,ഓ ബൈ താമര, വിവിൻ, ഉദയ് സ്യൂട്ട്സ് തുടങ്ങിയ ഹോട്ടലുകളിൽ ആഘോഷപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് എൻട്രി ഫീസ് ഈടാക്കുന്നത്. ഒരാളിന് 1200 രൂപ മുതൽ 2000 രൂപവരെയാണ് നിരക്ക്. ഒരു ദിവസം മുഴുവൻ താമസത്തിനും ആഘോഷത്തിനുമായി പ്രത്യേക പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്. ഡിസംബർ 31 ന് വൈകിട്ട് 7 മണിമുതൽ രാത്രി 11 വരെയാണ് ആഘോഷം .ലൈവ് മ്യൂസിക്, ഡിന്നർ പാർട്ടി ഗെയിംസ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈസിന്ത് ഹോട്ടലിൽ ഒരാളിന് 2000 രൂപയാണ് ഈടാക്കുന്നത്. ഒ ബൈ താമരയിൽ മൂന്നു പേരടങ്ങുന്ന കുടുംബത്തിന് 5,500 രൂപയാണ് ഈടാക്കുന്നത്.പേട്ട വിവിൻ സ്യൂട്ട്സിൽ ഒരാളിന് 1500 രൂപയും ഫാമിലിക്ക് 5500 രൂപയുമാണ്. ശംഖുംമുഖം ഉദയ്സ്യൂട്ട്സിൽ ഒരാളിന് 1200 രൂപയാണ് ഈടാക്കുന്നത്.പലേടത്തും ബുക്കിംഗ് ഇനിയും പൂർത്തിയായിട്ടില്ല.നിശ്ചിത എണ്ണം ആളെ ഉൾപ്പെടുത്തി പരിപാടി നടത്താനായി തീരുമാനിക്കപ്പെട്ട റേറ്റിൽ ചെറിയ വ്യത്യാസം വരുത്തി നൽകാനും മാനേജ്‌മെന്റുകൾ തയ്യാറായിട്ടുണ്ട്.