ff

തിരുവനന്തപുരം: ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ നായകരായി. തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര,വർക്കല, ആറ്റിങ്ങൽ മുനിസിപ്പാലിറ്റികളിലുമാണ് മേയറെയും ചെയർമാൻമാരെയും ഇന്നലെ തിരഞ്ഞെടുത്തത്. എൽ.ഡി.എഫിന് അധികാരം ലഭിച്ച അഞ്ചിടത്തും സി.പി.എം അംഗങ്ങളാണ് മേയർ, ചെയർമാൻ സ്ഥാനങ്ങളിലെത്തിയത്. കോർപ്പറേഷനിൽ വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്ക് ലഭിച്ചു. കഴിഞ്ഞതവണ വൈസ് ചെയർമാൻ സ്ഥാനം ഉണ്ടായിരുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഇക്കുറി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.ഐക്കെതിരെ സി.പി.എം മത്സരിച്ച് വിജയിച്ചു. മുൻ ധാരണ തെറ്റിച്ച് ഇരു പാർട്ടികളും തമ്മിൽ മത്സരിച്ചത് വിവാദമായതോടെ തിരഞ്ഞെടുക്കപ്പെട്ട അംഗത്തോട് രാജിവയ്ക്കാൻ സി.പി.എം ജില്ലാ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.നെയ്യാറ്റിൻകര നഗരസഭയിൽ കേരളാകോൺഗ്രസ് (ജോസ് കെ.മാണി ) വിഭാഗത്തിന് വൈസ് ചെയർമാൻ പദവി ലഭിച്ചു. കോർപ്പറേഷൻ മേയറായി സി.പി.എമ്മിലെ എസ്. ആര്യ രാജേന്ദ്രൻ ചുമതലയേറ്റു. മുടവൻമുഗൾ വാർഡിൽ നിന്നു 549 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ആര്യ കോർപ്പറേഷനിലെ 54 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. വർക്കല നഗരസഭയിൽ ടീച്ചേഴ്സ് കോളനിയിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.എം ലാജി 14 വോട്ടുകൾ നേടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.പുത്തൻചന്ത വാർഡിൽ നിന്ന് സ്വതന്ത്രയായി വിജയിച്ച കുമാരി സുദർശിനിയാണ് വൈസ് ചെയർപേഴ്സൺ. ആറ്റിങ്ങൽ നഗരസഭയിൽ തച്ചൂർക്കുന്ന് വാർഡിൽ നിന്ന് വിജയിച്ച അഡ്വ.എസ്.കുമാരി 18 വോട്ടുകൾ നേടി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. രാമച്ചംവിള വാർഡിൽ നിന്ന് വിജയിച്ച ജി. തുളസീധരൻ പിള്ളയാണ് വൈസ് ചെയർമാൻ. ഇരുവരും സി.പി.എം കൗൺസിലർമാരാണ്. നെടുമങ്ങാട് നഗരസഭയിൽ പാറമുട്ടം വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ സി.എസ് ശ്രീജ 27 വോട്ടുകൾ നേടി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.തറട്ട വാർഡിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ പി. ഹരികേശനാണ് വൈസ് ചെയർമാനായി വിജയിച്ചത്. നെയ്യാറ്റിൻകര നഗരസഭയിൽ മുന്നുകല്ലിൻമൂട് നിന്ന് വിജയിച്ച സി.പി.എമ്മിലെ പി.കെ.രാജമോഹനൻ 18 വോട്ടുകൾ നേടി ചെയർമാനായി. പനങ്ങോട്ട്കരി വാർഡിൽ നിന്നു വിജയിച്ച കേരളാകോൺഗ്രസ് (ജോസ് കെ .മാണി) വിഭാഗം കൗൺസിലർ പ്രിയ സുരേഷാണ് വൈസ് ചെയർപേഴ്സൻ. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാളെ (30) നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക.