
തിരുവനന്തപുരം: മകൾ മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷത്തിന് കൗൺസിൽ ഹാളിലിരുന്ന് സാക്ഷ്യം വഹിക്കുമ്പോൾ ആനന്ദക്കണ്ണീരാൽ വിതുമ്പുകയായിരുന്നു ആര്യയുടെ മാതാപിതാക്കളായ രാജേന്ദ്രനും ശ്രീലതയും. തന്റെ കൈയും പിടിച്ച് ബാലസംഘം പരിപാടികളിൽ പോയിരുന്ന ആര്യ ഇപ്പോൾ രാജ്യം തന്നെ ഉറ്റുനോക്കുന്ന മേയർ സ്ഥാനത്ത് നിൽക്കുമ്പോൾ അഭിമാനമാണ് തോന്നുതെന്ന് അച്ഛൻ പറഞ്ഞു. മേയറായി മകൾ സത്യപ്രതിജ്ഞ ചെയ്‌തത് അഭിമാനമായ നിമിഷമാണെന്ന് അമ്മ ശ്രീലത പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അത് പ്രാവർത്തികമാക്കാനുള്ള പക്വത മകൾക്കുണ്ട് ഇടതുപക്ഷത്ത് നിന്നാണ് ആര്യ മേയറായത്. ആ കഴിവും സംഘടനാമികവും ആര്യയ്‌ക്ക് ഉണ്ടെന്നും അമ്മ പറഞ്ഞു. വിദേശത്തുള്ള സഹോദരൻ അരവിന്ദും ആര്യയ്ക്ക് ആശംസനേർന്ന് വിളിച്ചിരുന്നു. സത്യപ്രതിജ്ഞ കാണാനും അനുമോദിക്കാനും ആര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ബാലസംഘത്തിലെ കുട്ടികളും ഇന്നലെ നഗരസഭയിൽ എത്തിയിരുന്നു. ബാലസംഘത്തിലെ കുട്ടികളോടൊപ്പം ആര്യ സന്തോഷം പങ്കുവച്ചു.