
ശിവഗിരി: വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുവചനം ഓർമ്മിപ്പിച്ച് 88-ാമത് ഓൺലൈൻ വെർച്വൽ തീർത്ഥാടനത്തിൽ സംഘടനാസമ്മേളനം നടന്നു. സംഘടനയും സാമൂഹിക പുരോഗതിയും എന്നതായിരുന്നു വിഷയം.
സ്വാതന്ത്റ്യവും ശക്തിയും ആർജ്ജിക്കണമെങ്കിൽ വിദ്യാഭ്യാസവും സംഘടനകളുടെ വിജയകരമായ പ്രവർത്തനവും അനിവാര്യമാണെന്ന് ഊർജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു. സംഘടനകൾക്ക് ആധുനീകരണത്തിന്റെ ആവശ്യമുണ്ട്. വ്യക്തികൾക്കപ്പുറം സംഘടനകളുടെ പ്രസക്തി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണഗുരുദേവനെന്ന് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി എം.ഡിയുമായ ഡോ. ബിജുപ്രഭാകർ പറഞ്ഞു. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ കേരളത്തിൽ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുരംഗം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംഘടനയെ മുന്നോട്ട് നയിക്കുന്നത് അതിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണെന്ന് ജ്യോതിർഗമയാ ഫൗണ്ടേഷൻ സ്ഥാപക ടിഫാനിബ്രാർ പറഞ്ഞു. എ.എസ്.ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. അയ്യപ്പൻനായർ, മംഗലാപുരം സർവകലാശാല രജിസ്ട്രാർ എ.എം. ഖാൻ, ജി.ഡി.പി.എസ് ആന്ധ്രപ്രദേശ് സെക്രട്ടറി ഇടചെന്നയ്യ എന്നിവരും പ്രഭാഷകരായിരുന്നു. ഇന്ന് കൈത്തൊഴിലും സംരംഭകത്വവും എന്ന വിഷയത്തിൽ സമ്മേളനം നടക്കും.