തിരുവനന്തപുരം:സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയികളെ അനുമോദിക്കാൻ ചേർന്ന കൗൺസിൽ യോഗത്തിൽ നിന്നു ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി. അനുമോദന യോഗത്തിൽ ചില ഇടതുപക്ഷ നേതാക്കൾ രാഷ്ട്രീയം പറഞ്ഞതാണ് ഇറങ്ങിപ്പോക്കിന് കാരണമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കൗൺസിൽ യോഗത്തിൽ ആദ്യം സി.പി.എമ്മിലെ ഡി.ആർ.അനിലാണ് സംസാരിച്ചത്. പിന്നാലെ സി.പി.ഐയിലെ രാഖി രവികുമാറും. തുടർന്ന് ഐ.എൻ.എല്ലിലെ എസ്.എം.ബഷീർ സംസാരിക്കാൻ എഴുന്നേറ്റതോടെ മേയർ ആര്യാ രാജേന്ദ്രൻ ഇടപെട്ട് ബി.ജെ.പി അംഗത്തിന് അവസരം നൽകി. തുടർന്ന് പി.അശോക് കുമാറും കോൺഗ്രസിലെ ജോൺസൺ ജോസഫും സംസാരിച്ചു. ആർ.എസ്.പിയിലെ പി.ശ്യാംകുമാർ, സ്വതന്ത്രനായ നിസാമുദ്ദീൻ എന്നിവർക്ക് ശേഷം കോൺഗ്രസ് എസിലെ പാളയം രാജൻ സംസാരിച്ചപ്പോഴാണ് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയത്. അനുമോദന കൗൺസിലിൽ രാഖി രവികുമാറും പാളയം രാജനും അടക്കമുള്ളവർ രാഷ്ട്രീയകാര്യങ്ങളും അനാവശ്യ ആരോപണങ്ങളും ഉന്നയിച്ച് രാഷ്ട്രീയ പ്രസംഗവേദിയായി കൗൺസിലിനെ മാറ്റിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.