തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് 2021 ജനുവരി 15 മുതൽ 25വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ബീമാപള്ളി ജമാഅത്ത് ഹാളിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽച്ചേർന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജമാഅത്ത് അധികൃതരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കൊടിയേറ്റ് 15ന് രാവിലെ 11ന്. കൊവിഡ് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കൂടുതൽ പാരാമെഡിക്കൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കും.കൂടുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിക്കും. ഉത്സവമേഖലയിൽ മെഡിക്കൽ ടീമിന്റെ ആംബുലൻസുകളുടെ സേവനവും ലഭ്യമാക്കും. ഫോർട്ട് താലൂക്കാശുപത്രി,വെട്ടുകാട് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനവും ഒരുക്കും.ഉറൂസിന് മുമ്പ് മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉറപ്പുനൽകി. കെ.എസ്.ആർ.ടി.സി. നിലവിലുള്ള സർവീസുകൾക്ക് പുറമേ 14 പുതിയ അധിക സർവീസുകൾ ആരംഭിക്കും. ശുദ്ധജല വിതരണത്തിൽ തടസമുണ്ടാകാതിരിക്കാൻ വാട്ടർ അതോറിട്ടി നടപടി സ്വീകരിക്കും.സ്വീവറേജ് ലൈനിലെ തകരാറുകൾ മുഴുവൻ പരിഹരിക്കുമെന്ന് സ്വീവറേജ് വിഭാഗം ഉറപ്പുനല്കി. നഗരസഭ ബീമാപള്ളി വാർഡിലും ബീമാപള്ളി ഈസ്റ്റ് വാർഡിലും ഉറൂസ് മഹോത്സവത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.റവന്യൂ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കണമെന്നും തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ സാന്നിദ്ധ്യത്തിൽ മറ്റൊരു യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു.ജമാഅത്ത് പ്രസിഡന്റ് എ.മാഹീൻ, ജനറൽ സെക്രട്ടറി എം.ഹാസിൽ, തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ,വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.