
തിരുവനന്തപുരം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും, കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം 31ന് വിളിച്ചുചേർക്കാൻ ഗവർണർ അനുമതി നൽകി.
പ്രത്യേക സഭാസമ്മേളനം ചേരുന്നതിൽ സംസ്ഥാന സർക്കാരുമായുണ്ടായിരുന്ന അഭിപ്രായഭിന്നത മാറ്റിവച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സർക്കാരിന്റെ ശുപാർശ അംഗീകരിച്ചത്. 31ന് രാവിലെ ഒമ്പത് മുതൽ ഒരു മണിക്കൂർ സഭ സമ്മേളിക്കും. ഇതേ വിഷയത്തിൽ ഈ മാസം 23ന് സഭാസമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ ആദ്യ ശുപാർശ, സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ചോദിച്ച് ഗവർണർ മടക്കിയിരുന്നു. ഇതിനെതിരെ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തി. ഗവർണറുടെ സംശയങ്ങൾക്കുള്ള മറുപടിയും, 31ന് സഭ വിളിക്കാനുള്ള പുതിയ മന്ത്രിസഭാ ശുപാർശയും സർക്കാർ വീണ്ടും സമർപ്പിച്ചു.
പിന്നാലെ, ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനിൽകുമാറും ക്രിസ്മസ് ദിനത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. 26ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഗവർണറെ കാണാനെത്തി. ജനുവരി എട്ടിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായിരുന്നു സന്ദർശനമെങ്കിലും, 31ന് സഭ ചേരേണ്ടതിന്റെ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.