sdc

തിരുവനന്തപുരം: ഇടതുമുന്നണിക്ക് മിന്നുംജയം സമ്മാനിച്ച തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തെ കോർപ്പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഇന്നലെ നടന്ന അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പുകൾ അട്ടിമറികളും മലക്കംമറിച്ചിലുകളും സൃഷ്ടിച്ച ഉദ്വേഗരംഗങ്ങളോടെ അതിനാടകീയം.

രാഷ്‌ട്രീയത്തിനപ്പുറം ഭാഗ്യനിർഭാഗ്യങ്ങൾ ഇടതു- വലതു മുന്നണികളെ ബാധിച്ചപ്പോൾ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കീഴ്മേൽ മറിഞ്ഞു. ചില സ്ഥലങ്ങളിൽ കൈയാങ്കളിയും നാടകീയ പ്രതിഷേധങ്ങളും അരങ്ങേറി. ഇടതുമുന്നണിക്ക് വൻമേധാവിത്വമുള്ള ആലപ്പുഴ നഗരസഭയിൽ അദ്ധ്യക്ഷയായി പാർട്ടി യുവ അംഗത്തെ നിശ്ചയിച്ചപ്പോൾ ഏരിയാ കമ്മിറ്റി അംഗമായ മുതിർന്ന നേതാവിനെ തഴഞ്ഞതിനെതിരെ സി.പി.എമ്മിൽ പരസ്യ കലാപമുയർന്നു. നിശ്ചയിച്ച ആളെത്തന്നെ അദ്ധ്യക്ഷയാക്കിയ പാർട്ടി ജില്ലാ നേതൃത്വം, പ്രതിഷേധത്തിനു മുതിർന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി അച്ചടക്ക നടപടിയുടെ വെടി മുഴക്കി. പതിനെട്ടു പേരോട് വിശദീകരണവും തേടി.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്കു നൽകാൻ ഇടതുമുന്നണിയിൽ ധാരണയായിരുന്നെങ്കിലും, സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുയർത്തി സി.പി.എം രംഗത്തെത്തി. മത്സരിച്ച സി.പി.എം അംഗം വിജയിക്കുകയും ചെയ്തു. മുന്നണി മര്യാദ ലംഘിച്ചെന്ന പരാതി സി.പി.ഐ ഉയർത്തിയതോടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇടപെട്ട് സി.പി.എം അംഗത്തോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചു.

എറണാകുളത്ത് ഉച്ചയ്ക്ക് രണ്ടിനു നടന്ന വോട്ടെടുപ്പിന് വൈകിയെത്തിയ ഇടത് കൗൺസിലർമാരെ വോട്ടിംഗിന് അനുവദിക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ ബഹളം വച്ചത് കൈയാങ്കളിയോളമെത്തി.

കണ്ണൂരിൽ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ തർക്കമുയർത്തിയ ഒരു വിഭാഗം പ്രവർത്തകർ മുസ്ലിംലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.കെ. അബ്ദുൾഖാദർ മൗലവിയുടെ വാഹനം തടഞ്ഞു.

പാലക്കാട് നഗരസഭയിൽ ബി.ജെ.പി കൗൺസിലറുടെ വോട്ട് സി.പി.എമ്മിന് അബദ്ധത്തിൽ മറിഞ്ഞു. നാണക്കേട് തിരിച്ചറിഞ്ഞയുടൻ ബാലറ്റ് തിരിച്ചെടുത്ത ബി.ജെ.പി അംഗത്തിനെതിരെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധമുയർത്തി. ബഹളത്തിനൊടുവിൽ ഈ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.

വിമത പടയോട്ടം

തൊടുപുഴയിൽ യു.ഡി.എഫ് വിമതയായ സ്വതന്ത്രയെ സ്വന്തം പാളയത്തിലെത്തിച്ച് ഇടതുമുന്നണി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയപ്പോൾ, ചങ്ങനാശ്ശേരിയിൽ വിമതരായി ജയിച്ച രണ്ടു സ്വതന്ത്രരെയും ഒപ്പമെത്തിച്ചാണ് യു.ഡി.എഫ് അദ്ധ്യക്ഷ പദവി നിലനിറുത്തിയത്. ഏറ്റുമാനൂർ, വിമതയെ ചെയർപേഴ്സണാക്കി യു.ഡി.എഫ് നിലനിറുത്തി.

പത്തനംതിട്ട നഗരസഭയിൽ യു.ഡി.എഫ് വിമതരായി വിജയിച്ച മൂന്ന് സ്വതന്ത്രരെയും സ്വന്തം ചേരിയിലെത്തിച്ച് ഇടതുമുന്നണി നഗരഭരണം പിടിച്ചെടുത്തു. കോട്ടയം ജില്ലയിൽ ഒടുവിലത്തെ നിലയനുസരിച്ച് ഇടതുഭരണം പാലായിൽ മാത്രമായി.

കളംനിറഞ്ഞ് ഭാഗ്യ ദേവത

കോട്ടയം, കളമശ്ശേരി, പരവൂർ നഗരസഭകളിൽ നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷ പദവി യു.ഡി.എഫ് സ്വന്തമാക്കി. കോട്ടയത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 22 സീറ്റുമായി ഇടതുമുന്നണി മുന്നിലായിരുന്നു. കഴിഞ്ഞ ദിവസത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ, യു.ഡി.എഫ് വിമതയായി വിജയിച്ച സ്വതന്ത്രയെ യു.ഡി.എഫ് സ്വന്തം പാളയത്തിലെത്തിച്ചതോടെ ഇരുമുന്നണികളും തുല്യനിലയിലായി. നറുക്കെടുത്തപ്പോൾ യു.ഡി.എഫ് വിജയിച്ചു. വിമതയാണ് അദ്ധ്യക്ഷ. കളമശ്ശേരിയിലും പരവൂരിലും ഇരുമുന്നണികളും തുല്യനിലയിലായിരുന്നു.