shibu

നെടുമങ്ങാട്: മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ചു കൊന്ന കേസിൽ വിമുക്തഭടൻ കരകുളം തേമറത്തല വീട്ടിൽ ഷിബുവിനെ (41) നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. അമ്മ നന്ദിനിയാണ് (72)മകന്റെ മർദ്ദനത്തിൽ ആന്തരികാവയവങ്ങൾ തകർന്ന് ചോരവാർന്ന് മരിച്ചത്. പതിവായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അരുവിക്കര സി.ഐ ഷിബുകുമാർ പറഞ്ഞു. ക്രിസ്മസ് രാത്രിയിലാണ് സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. അമ്മയെ കൊലപ്പെടുത്തിയ സംഭവം ഇയാൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടവും കൊവിഡ് പരിശോധനയും നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.