തിരുവനന്തപുരം:പ്രാക്ടിക്കലുകൾക്കും സംശയ ദൂരീകരണത്തിനുമായി ജനുവരി ഒന്നുമുതൽ ജില്ലയിലെ സ്‌കൂളുകൾ തുറക്കും. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്കായാണിത്. കർശന കാെവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ നടക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ.എം.സഫീറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ കൊവിഡ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ/കൗൺസിലർ, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ/നഴ്സ് തുടങ്ങിയവരാണ് കൊവിഡ് സെല്ലിലെ മറ്റ് അംഗങ്ങൾ. ജനുവരി ഒന്നുമുതൽ രാവിലെയും ഉച്ചയ്ക്കും രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സി.എഫ്.എൽ.ടി.സികളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകളെ അണുവിമുക്തമാക്കി വിദ്യാഭ്യാസ വകുപ്പിന് തിരികെ നൽകിയിട്ടുണ്ട്.

വീഴ്ചയില്ലാത്ത ജാഗ്രത

കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കം ഉണ്ടായവരുമായ കുട്ടികൾ സ്‌കൂളുകളിൽ യാതൊരു കാരണവശാലും എത്തരുത്. ഉച്ചഭക്ഷണം സ്‌കൂളിൽ കൊണ്ടുവന്ന് കഴിക്കാൻ അനുവദിക്കില്ല.കുടിവെള്ളം സ്വന്തമായി കൊണ്ടുവരണം. കുടിവെള്ളം കുട്ടികൾ തമ്മിൽ പങ്കിടാനും പാടില്ല. കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുമ്പാഴും തിരികെ കൂട്ടിക്കൊണ്ടു പോകുമ്പോഴും രക്ഷിതാക്കൾ സ്‌കൂൾ പരിസരങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്. എല്ലാ സ്‌കൂളുകളിലും സാനിറ്റൈസർ, തെർമൽ സ്‌കാനർ ഉൾപ്പെടെയുള്ള കൊവിഡ് സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കും. കുട്ടികൾക്കും അദ്ധ്യാപകർക്കും മാസ്ക് നിർബന്ധമാണ്. ഒരുകാരണവശാലും മാസ്ക് താഴ്ത്തിവയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ അനുവദിക്കില്ല. സ്‌കൂളിൽ എത്തുന്ന കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. ഇത് നേരത്തെ തന്നെ കുട്ടികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ജാഗ്രതാ സമിതിയും അദ്ധ്യാപകരും നേതൃത്വം നൽകണം. 50 ശതമാനം അദ്ധ്യാപകരെയായിരിക്കും സ്‌കൂൾ തുറക്കുമ്പോൾ നിയോഗിക്കുന്നത്. ഇന്റർവെൽ സമയത്തും കുട്ടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ധ്യാപകരും സമിതിയും ഉറപ്പുവരുത്തണം. ഇതിനായി എൽ.പി, യു.പി വിഭാഗം അദ്ധ്യാപകരെക്കൂടി ചുമതലപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. നിലവിൽ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകരെ ആ ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് രോഗ ലക്ഷണങ്ങളുള്ള അദ്ധ്യാപകരും രോഗികളുമായി സമ്പർക്കമുള്ളവരും സ്‌കൂളുകളിൽ എത്തരുത്. അദ്ധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ സ്റ്റാഫ് റൂമുകളിലും സാമൂഹികഅകലം പാലിക്കുകയും സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ ഉപയോഗിക്കുകയും വേണം.