2020

നമസ്കാരം സദാനന്ദൻചേട്ടാ. എന്ത്? ഹാപ്പി​ ന്യൂ ഇയർ എന്നോ. എന്റെ പൊന്നോ... അതുമാത്രം പറയല്ലേ. കഴി​ഞ്ഞവർഷം ഇതുപോലെ ചേട്ടൻ ഹാപ്പി​ ന്യൂ ഇയർ പറഞ്ഞ് രണ്ട് മൂന്ന് മാസം കഴി​ഞ്ഞപ്പോ മുഖത്ത് കയറി​യ മാസ്കാണ്. ഇതി​നി​ ഏത് ന്യൂ ഇയറി​ൽ മാറ്റാൻ പറ്റുമെന്ന് തമ്പുരാന് അറിയാം. ദാ കണ്ടാ പാന്റിന്റെ രണ്ട് കീശയിലും സാനിറ്റൈസറാണ്. ഒന്ന് സ്‌പ്രേ.മറ്റേത് ലിക്വിഡ്. ഹൊ! ട്വന്റി ട്വന്റി. പറയാനും കേൾക്കാനുമൊക്കെ എന്തൊരു ഇതായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മാസത്തിനപ്പുറം ഞാൻ കലണ്ടർ മറിച്ചിട്ടില്ല. എന്തിന്? ഞായറും തിങ്കളും ബുധനും ഒക്കെ ഒരുപോലെ. തീയതി ഒന്നായാലെന്ത് ഒമ്പതായാലെന്ത്. രാവിലെ എണീക്കുന്നു. ദിനകർമ്മങ്ങൾ ചെയ്യുന്നു. ടി.വി നോക്കിയിരിക്കുന്നു. കിടക്കുന്നു. ഞാൻ ഡയറി എഴുതുന്ന ശീലക്കാരനാണ്. ഏപ്രിൽ ഒക്കെ കഴിഞ്ഞപ്പോൾ പിന്നെ രാത്രിയാവുമ്പൊ ഒാരോ പേജും തുറക്കും. 'do' എന്നെഴുതും. (കഴിഞ്ഞദിവസം നടന്നതുപോലെ) പിന്നെപ്പിന്നെ ഒാരോ ദിവസവും 'do' എഴുതുന്നതെന്തിനെന്നുകരുതി ഒാരോ ആഴ്ചയ്ക്കും കൂടി ഒരുമിച്ച് 'do' ആക്കി. പിന്നെ ഒാരോ മാസത്തിനും 'do'. എന്താണ് ചേട്ടൻ കലണ്ടർ ചന്നംപിന്നം കീറിക്കളഞ്ഞന്നോ? ഞാൻ പക്ഷേ നേരെ മറിച്ചാണ് ചെയ്യാൻ പോകുന്നത്. ഇത് ആജീവനാന്ത സ്വത്തായി സൂക്ഷിച്ചുവയ്ക്കും. ഭാവിയിൽ കുടുംബത്തിലാരെങ്കിലും അഹങ്കാരമോ അട്ടഹാസമോ തുടങ്ങിയാൽ കാണിച്ച് പേടിപ്പിക്കാൻ.

ലോകത്ത് ഏത് കുഴപ്പത്തിനും ഗുണവും ദോഷവും ഉണ്ടെന്നാണല്ലോ പറയുന്നത്. കൊവിഡുകാരണവും ചില ഗുണങ്ങൾ ഉണ്ടായത്രെ. പലരും ലളിതജീവിതം ശീലിച്ചു. ചുറ്റുപാടുകളെ അടുത്തറിയാൻ പഠിച്ചു. വീടിന്റെ തൊട്ടടുത്തുള്ള കടക്കാരോടൊക്കെ സ്നേഹം വന്നു. കല്യാണം തുടങ്ങിയ ചടങ്ങുകൾ ലളിതമാക്കാൻ പഠിച്ചു. സംഗതി ശരിയായിരിക്കും. പക്ഷേ ഇത്രയും പഠിക്കാൻവേണ്ടി ലോകം കൊടുത്ത വില ഇത്തിരി കടുത്തുപോയി. കൊവിഡിന് തങ്ങളോട് കഴിഞ്ഞ ജന്മത്തിൽ എന്തോ വൈരാഗ്യമുള്ളതുപോലെയായിപ്പോയി. ഒന്ന് വിരട്ടിവിട്ടാൽ മതിയായിരുന്നു.

എന്നിട്ട് ജനം ശരിയായിട്ട് എന്തെങ്കിലും പഠിച്ചോ. സാമൂഹ്യഅകലം സാമൂഹ്യഅകലം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം എന്ന കണക്കിൽ അധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്നു. പക്ഷേ ചില ആഘോഷങ്ങളിൽ ബീഫ് വാങ്ങാനും കണിവെള്ളരി വാങ്ങാനും മട്ടൻ വാങ്ങാനുമൊക്കെ മാർക്കറ്റിൽ കിടന്നുതള്ളുന്ന ജനത്തെ കണ്ടാൽ, നാണക്കേട് മൂത്തിട്ട് കൊറോണ വൈറസ് ആദ്യം കാണുന്ന തീവണ്ടിക്ക് തലവയ്ക്കും. മനുഷ്യ മഹാസമുദ്രമാണ്. ഹൊ! ഒരു ജനക്കൂട്ടത്തിന്റെ നടുവിൽ ഞാനും പെട്ടു ചേട്ടാ. ഇപ്പോൾ വീട്ടിൽ പ്രത്യേക

ടാങ്കും പൈപ്പ് കണക്ഷനുമുണ്ട്. സാനിറ്റൈസർ വാട്ടറാണ്. ഇമ്മാതിരി സാഹചര്യങ്ങളിൽ പെട്ടിട്ട് വീട്ടിൽ വന്നാൽ ആദ്യം അതിലൊരു കുളിയുണ്ട്.

നല്ലൊരു ഷേക് ഹാൻഡ് കൊടുത്ത കാലം മറന്നു. ഇന്നാള് ഞാനും നമ്മുടെ വർഗീസ് ചേട്ടനും വഴീൽ കണ്ടു. ഒാർക്കാതെ ഷേക്ഹാൻഡ് കൊടുത്തു. കൊടുത്തു കഴിഞ്ഞപ്പോഴാണ് അയ്യോടാ അബദ്ധം പറ്റിയല്ലോ എന്ന് രണ്ടാളും തിരിച്ചറിഞ്ഞത്. രണ്ടുദിവസം പിന്നെ സംശയത്തിന്റെ മുൾമുനയിലായിരുന്നു. രാത്രി ഞാനൊന്നു തുമ്മി. തൊണ്ടയിൽ കിരുകിരുപ്പും തോന്നി. തീർന്നു. സംഗതി എനിക്കും കിട്ടി എന്നുതന്നെ ഉറപ്പിച്ചു. പിന്നെ ഒരു മൂന്നുദിവസം ഞാൻ വർഗീസ് ചേട്ടന് ഷേക്ഹാൻഡ് കൊടുക്കാൻ തോന്നിയ നിമിഷത്തെ പറ്റി പിറുപിറുക്കുകയായിരുന്നു. വർഗീസ് ചേട്ടനും ഇതേ അവസ്ഥ ആയിരിക്കും.

ഇപ്പോൾ എങ്ങോട്ട് പോകുന്നെന്നോ? കിറ്റ് വാങ്ങിക്കാൻ. ഇൗ മാസത്തെ കിറ്റ് വാങ്ങിച്ചില്ല. കഴിഞ്ഞവർഷം വരെ റേഷൻകട ഏതാണ്ട് ഒരു വിദൂര സ്ഥലംപോലെയായിരുന്നു. അതിന്റെ നടയിൽ കൂടി പോകുമെന്നല്ലാതെ അധികം അങ്ങോട്ട് ശ്രദ്ധിച്ചിട്ടില്ല. റേഷൻ കടയ്ക്ക് അവധി ഏതുദിവസമാണെന്നുപോലും അറിഞ്ഞൂടായിരുന്നു. ഇപ്പോ ദേ, ഒരാഴ്ച അരി എത്രയാണ്, അത് പച്ചരിയാണോ ചമ്പാവോ, മണ്ണെണ്ണ എന്നുവരും. കിറ്റുവിതരണം ഏത് ദിവസം. ഏത് നമ്പരിൽ അവസാനിക്കുന്ന കാർഡിനാണ് ആദ്യം കൊടുക്കുന്നത്. ഒക്കെ കാണാപ്പാഠമാണ്. ഏതായാലും ഞാനങ്ങോട്ട് പോകട്ടെ. ഇന്ന് വാങ്ങിയില്ലെങ്കിൽ പിന്നെ അടുത്തയാഴ്ചയേ കിട്ടൂ...