
വക്കം: ബന്ധുവീട്ടിൽക്കയറി ഗൃഹനാഥയെയും , മകനെയും തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും വളർത്തു നായയെ കൊലപ്പെടുത്തുകയും ചെയ്തയാളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു. വക്കം പണന്റെ മുക്ക് വട്ടവിള വീട്ടിൽ അഭിലാഷ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ വെളുപ്പിന് 1.30 നാണ് സംഭവം. അഭിലാഷിന്റെ കുഞ്ഞമ്മ വട്ടവിള വീട്ടിൽ ഷൈല (56), മകൻ സുനു (24) എന്നിവരെയാണ് അഭിലാഷ് ആക്രമിച്ചത്. നായയെ അടിച്ച് കൊന്ന ശേഷമാണ് ആക്രമണം നടത്തിയത്. ഉലക്ക കൊണ്ട് വീട്ടുകാരെ മർദ്ദിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വധശ്രമം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.